പാലക്കാട്: കെ-റെയിൽ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എകെ ബാലൻ രംഗത്ത്. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്റെ സമീപനമെന്ന് എ കെ ബാലൻ പറഞ്ഞു. വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്.
പഴയ ചങ്ങനാശ്ശേരി അനുഭവം വച്ച് ചങ്ങനാശ്ശേരിയിൽ വിമോചന സമരം നടത്താനാകില്ല. വയൽ കിളികൾ എവിടെ പോയി. അവരുടെ നേതാക്കൾ ഇന്ന് സിപിഎമ്മിലാണെന്നും എകെ ബാലൻ കൂട്ടിച്ചേര്‍ത്തു. കെ-റെയില്‍ പദ്ധതിയില്‍ വിദഗ്‌ധ സമിതി നിർദ്ദേശം പരിഗണിക്കും എന്നിട്ടും ആശങ്ക ഉണ്ടെങ്കിൽ അത് ദുരീകരിക്കും. വിദ്ഗധ സമിതി ശുപാർശ നടപ്പിലാക്കുമെന്ന് എകെ ബാലന്‍ പറഞ്ഞു.
അലൈൻമെന്റ് മാറ്റം നിർദ്ദേശിച്ചാൽ അതും നടപ്പിലാക്കും. കെ-റെയിൽ നടപ്പിലാലായാൽ യുഡിഎഫ് ഒരിക്കലും അധികാരത്തിൽ വരില്ല എന്ന തിരിച്ചറിവിൽ നിന്നുള്ള തുള്ളലാണ് ഇത്. കമ്മ്യൂണിസ്‌റ്റുകാർക്ക് പെൺകുട്ടികളെ വിവാഹം ചെയ്‌ത് കൊടുക്കരുതെന്ന് പ്രചരിപ്പിച്ച ആളാണ് കെ സുധാകരൻ. കോൺഗ്രസ് നേതാക്കള്‍ സെമിനാറിൽ പങ്കെടുത്താൽ കോൺഗ്രസ് ഒലിച്ചു പോകുമോ എന്ന് ചോദിച്ച എകെ ബാലന്‍, സുധാകരൻ ഉള്ളടത്തോളം ഇത് തുടരുമെന്നുമെന്നും കുറ്റപ്പെടുത്തി.
അതേസമയം, സംസ്‌ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്‌ട്രീയമായി നേരിടാനാണ് എൽഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി മാടപ്പള്ളിയിലുയർന്ന കെ-റെയിൽ പ്രക്ഷോഭം തണുപ്പിക്കാൻ രാഷ്‌ട്രീയ വിശദീകരണ യോഗം ചേരാൻ എൽഡിഎഫ് തീരുമാനിച്ചു. ഇന്ന് വൈകിട്ട് ചങ്ങനാശ്ശേരിയിലാകും രാഷ്‌ട്രീയ വിശദീകരണ യോഗത്തിന് തുടക്കമാകുക.
Read Also: ലോകായുക്‌ത ഭേദഗതി ഓർഡിനൻസ്; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും








































