ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ കൂടി തുറന്നു. റൂൾ കർവ് പിന്നിട്ട് 141.05 അടിയായി നിലനിൽക്കുകയാണ് ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഡാമിലെ മൂന്ന് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. 30 സെന്റീമീറ്റർ വീതം മൂന്ന് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.
ജലനിരപ്പ് ഉയർന്ന് നിലനിൽക്കുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും. അതേസമയം സംസ്ഥാനത്ത് വരും മണിക്കൂറുകളിലും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു. തീർഥാടകർക്ക് ഇന്ന് നിയന്ത്രണമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. പക്ഷേ വടക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ മലയോര മേഖലകളിലും വന പ്രദേശങ്ങളിലും മഴ ശക്തമാകും. ഒപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read also: കരുവാരക്കുണ്ടിൽ വീണ്ടും കടുവ; ആക്രമണത്തിൽ നിന്ന് യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്