തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ആദരസൂചകമായി ദുഃഖാചരണം ആചരിക്കും. സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും, ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ വ്യക്തമാക്കി.
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. യുഎഇ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് ഇന്നലെ മരണവാർത്ത പുറത്തു വിട്ടത്. അബുദാബി ഭരണാധികാരി കൂടിയായ അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടാണ്.
2004 നവംബർ 3ആം തീയതിയാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡണ്ടായി അധികാരമേറ്റത്. തുടർന്ന് 18 വർഷമായി യുഎഇയുടെ വികസനനയം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച അദ്ദേഹം കഴിഞ്ഞ 7 വർഷമായി അനാരോഗ്യം കാരണം പൊതുപരിപാടികളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.
Read also: സോളാർ കേസ്; ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു