പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആരോഗ്യ വിഭാഗവും എടപ്പാൾ ബോൺ ആന്റ് ജോയിന്റ് ഫൗണ്ടേഷനും പൊന്നാനി ആംബുലൻസ് കൂട്ടായ്‌മയും സംയുക്‌തമായി സംഘടിപ്പിക്കുന്ന സൗജന്യ ഓർത്തോ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി എട്ട് ഞായറാഴ്‌ച രാവിലെ 9.30 മുതൽ പൊന്നാനി എവി ഹൈസ്‌കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കിടപ്പ് രോഗികളെ ക്യാമ്പിൽ എത്തിക്കാൻ ആവശ്യമായ സൗജന്യ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങൾക്ക് വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം ഉറപ്പുവരുത്താനും ആധുനിക എല്ലുരോഗ ചികിൽസാ സൗകര്യങ്ങൾ പരിചയപ്പെടുത്താനും അർഹരായവർക്ക് സൗജന്യ ചികിൽസ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പരിചയസമ്പന്നരായ വിദഗ്‌ധ ഡോക്‌ടർമാരുടെ മേൽനോട്ടത്തിൽ നടത്തുന്ന ക്യാമ്പിൽ അത്യാധുനിക പരിശോധനാ സൗകര്യങ്ങൾ ഉണ്ടായിരിക്കും. പൊന്നാനി താലൂക്കിലുള്ളവർക്ക് വേണ്ടി നടത്തുന്ന ഈ ക്യാമ്പ്, എല്ല് / സന്ധി രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. അത്യാവശ്യ മരുന്നുകളും സൗജന്യമായി ക്യാമ്പിൽ ലഭ്യമാക്കുന്നുണ്ട്.
തുടർചികിൽസക്ക് സവിശേഷ ഇളവുകളോടെ ബോൺ ആന്റ് ജോയിന്റ് ഫൗണ്ടേഷൻ വഴി അവരുമായി സഹകരിക്കുന്ന ഡോക്‌ടർമാരിൽ നിന്നും ആശുപത്രികളിൽ നിന്നും ലഭ്യമാക്കുമെന്നും സംഘാടകർ പറഞ്ഞു.

പി നന്ദകുമാർ എംഎൽഎ ക്യാമ്പ് ഉൽഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ സിവി സുധ മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ ഡോ. അബ്‌ദുൽ റഹ്‌മാൻകുട്ടി (വൈസ് പ്രസിഡണ്ട്, PCWF ഗ്‌ളോബൽ കമ്മിറ്റി & ചെയർമാൻ, ഓർത്തോ മെഡിക്കൽ ക്യാംപ് സംഘാടക സമിതി), ഡോ. നിഷാന്ത് വിപി (കൺസൾട്ടന്റ് ട്രോമ സർജൻ, ബോൺ & ജോയിന്റ് ഫൗണ്ടേഷൻ, എടപ്പാൾ) എന്നിവർ പങ്കെടുത്തു.
കൂടാതെ, എസ്. ലത വിജയൻ (ജനറൽ സെക്രട്ടറി, PCWF വനിതാ കേന്ദ്ര കമ്മിറ്റി), മുജീബ് കിസ്‍മത്ത് (സെക്രട്ടറി, PCWF മുനിസിപ്പൽ കമ്മിറ്റി & കോർഡിനേറ്റർ, ഓർത്തോ മെഡിക്കൽ ക്യാംപ് സംഘാടക സമിതി), അബ്‌ദുൽ റസാഖ് കെപി (PCWF ആരോഗ്യ വിഭാഗം കൺവീനർ, & ഓർത്തോ മെഡിക്കൽ ക്യാംപ് സംഘാടക സമിതി), ബിജി സുരേഷ് (പിആർ വിഭാഗം മേധാവി, എടപ്പാൾ ആശുപത്രി), അഖിൽ രവി (പിആർഒ, ബോൺ & ജോയിന്റ് ഫൗണ്ടേഷൻ) എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































