‘അടുത്ത കാലത്തൊന്നും ഇത്രയേറെ പൊട്ടിച്ചിരിപ്പിച്ച സിനിമയുണ്ടാവില്ല’, ‘പ്രകമ്പനം’ കണ്ടിറങ്ങുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന പ്രതികരണമാണിത്. ചിരിയുടെ മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ മലയാളക്കര ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിലെ 90 തിയേറ്ററുകളിൽ ആദ്യഷോ പ്രദർശിപ്പിച്ചതിന് പിന്നാലെ എക്‌സ്ട്രാ ഷോകളുടെ കുതിച്ചു ചാട്ടമായിരുന്നു കണ്ടത്.
റിലീസിന്റെ രണ്ടാം വാരത്തിലേക്ക് കടന്ന സിനിമയ്‌ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യവാരം അവസാനിച്ചപ്പോൾ ലോകവ്യാപകമായി 10.59 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയ സിനിമ, ഇപ്പോൾ ഒമ്പത് ദിവസം പിന്നിടുന്ന വേളയിൽ 16.8 കോടി രൂപ സ്വന്തമാക്കിയതായാണ് റിപ്പോർട്. ഒരു മുഴുനീള ഫാമിലി-കോമഡി ഹൊറർ ഡ്രാമയാണ് പ്രകമ്പനം.
ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ശീതൾ ജോസഫ് ആണ് നായിക. എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്‌ചാത്തലമാക്കി വിജേഷ് പാണത്തൂർ ഒരുക്കിയ സിനിമ, ഫുൾ-പാക്ക്ഡ് എന്റർടെയ്‌നറാണ്. വലിയ സ്‌റ്റാർ കാസ്‌റ്റുകൾ ഇല്ലാതിരുന്നിട്ടും, പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാനും പിടിച്ചിരുത്താനും സിനിമയ്‌ക്കായി.
എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് ചിത്രത്തിന്റെ പ്രധാനനേട്ടം. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്‌റ്റോൺ സ്‌റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’യ്‌ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീജിത്ത് കെഎസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് നവാഗതനായ ശ്രീഹരി വടക്കനാണ്.
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പിപി. കുഞ്ഞികൃഷ്‌ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്‌സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻതാര നിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്.
സംഗീതം- ബിബിൻ അശോക്, പശ്‌ചാത്താല സംഗീതം- ശങ്കർ ശർമ, ഛായാഗ്രഹണം- ആൽബി ആന്റണി, എഡിറ്റിങ്- സൂരജ് ഇഎസ്, ആർട്ട്- ഡയറക്ഷൻ, സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ- അനന്ദനാരായൺ, മേക്കപ്പ്- ജയൻ പൂങ്കുളം, പിആർഒ- മഞ്‌ജു ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.
Most Read| ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാർ; 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ







































