തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ശക്‌തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്യുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.
രാത്രി എട്ടുമണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പാണിത്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്‌ച യെല്ലോ അലർട്ടായിരിക്കും.
മറ്റു ജില്ലകളിൽ ഇന്നും നാളെയും നേരിയതോ ഇടത്തരമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. എന്നാൽ, പ്രത്യേക മുന്നറിയിപ്പില്ല. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്‌ക്കും സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴയ്‌ക്ക് കാരണം. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്‌തി പ്രാപിക്കാൻ സാധ്യതയുണ്ട്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം




































