ലാ പാസ്: ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർ കൊല്ലപ്പെട്ടു. 30ലേറെ പേർക്ക് പരിക്കേറ്റു. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി- 130 വിമാനമാണ് തകർന്നുവീണത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിൽ ആയിരുന്നു അപകടം.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് ബൊളീവിയ പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് പറഞ്ഞു. സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
റോഡിൽ ചിതറിക്കിടക്കുന്ന കറൻസി നോട്ടുകൾ ശേഖരിക്കാൻ ജനക്കൂട്ടം ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടത്തെ തുടർന്ന് എൽ ആൾട്ടോ വിമാനത്താവളം താൽക്കാലികമായി അടച്ചു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ


































