തൃശൂർ: മണലൂരിൽ ശക്‌തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്‌ണു (28) ആണ് മരിച്ചത്.
വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓല ഷെഡിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു വിഷ്‌ണു. രാത്രിയുണ്ടായ ശക്‌തമായ കാറ്റിൽ പറമ്പിൽ ഉണ്ടായിരുന്ന മരം ഷെഡിന് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് വിഷ്‌ണുവിനെ മരത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് നാട്ടികയിൽ നിന്ന് ഫയർഫോഴ്‌സ് സ്‌ഥലത്തെത്തി മരം മുറിച്ചുമാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിഷ്‌ണുവിന് അമ്മ മാത്രമാണ് ഉള്ളത്. അച്ഛൻ സുബ്രൻ നേരത്തെ മരിച്ചിരുന്നു. ലൈഫിൽ അനുവദിച്ച വീടിന്റെ നിർമാണമാണ് നടക്കുന്നത്. ഈ വീട്ടിലാണ് അമ്മ വള്ളിയമ്മ കിടന്നിരുന്നത്. സാധാരണയായി വിഷ്‌ണുവും ഇവിടെയാണ് കിടക്കാറുള്ളതെന്നും നാട്ടുകാർ പറഞ്ഞു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ


































