
കൊച്ചി: വ്യത്യസ്‌ത മേഖലകളില്‍ കഴിവ് തെളിയിച്ച അനുഭവസമ്പന്നരായ വ്യക്‌തികളെ കാമ്പസില്‍ വിദ്യാർഥികളുമായി സംവദിക്കാന്‍ ക്ഷണിക്കുന്ന ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്‌സിറ്റി, കൊച്ചി കാമ്പസിന്റെ ‘പ്രൊഫസര്‍ ഓഫ് പ്രാക്‌ടീസ്’ പദ്ധതിക്ക് തുടക്കമിട്ടു.
ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്‌ടർ ഡോ. ടോം എം. ജോസഫ് മുഖ്യമന്ത്രി വിഡി സതീശന് ആദ്യ ക്ഷണം കൈമാറിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ‘രാഷ്‌ട്രീയ സംരംഭകത്വവും ഭാവി ലക്ഷ്യമാക്കിയുള്ള ഭരണനിര്‍വഹണവും’ എന്ന വിഷയത്തില്‍ വിദ്യാർഥികളുമായി സംവദിക്കാനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം ക്ളാസ് മുറികള്‍ക്കപ്പുറം വളരാൻ വേറിട്ട പദ്ധതികൾ അനിവാര്യമാണെന്നും ഇതിന്റെ ഭാഗമാണ് വിജയികളായവരുടെ നേതൃപാടവവും പ്രായോഗിക അനുഭവങ്ങളും വിദ്യാർഥികളിലേക്ക് എത്തിക്കാനായി ‘പ്രൊഫസര്‍ ഓഫ് പ്രാക്‌ടീസ്’ ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസ് ആരംഭിക്കുന്നതെന്നും ടോം ജോസഫ് ‘മലബാർ ന്യൂസി’നോട് പറഞ്ഞു.
മുഖ്യമന്ത്രി വിഡി സതീശന്റെ പൊതുപ്രവര്‍ത്തന രംഗത്തെയും ഭരണനിര്‍വഹണ മേഖലയിലെയും ദീര്‍ഘകാല അനുഭവസമ്പത്ത് വിദ്യാർഥികൾക്ക് പ്രചോദനമാണെന്നും ഇത് നേരിട്ട് അദ്ദേഹം തന്നെ വിദ്യാർഥികൾക്ക് പകർന്നുകൊടുക്കുന്നത് യുവതലമുറയിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നും ടോം ജോസഫ് അഭിപ്രായപ്പെട്ടു.
ഭരണം എന്നത് കേവലം നടപടിക്രമങ്ങള്‍ മാത്രമല്ല, സമൂഹത്തില്‍ ക്രിയാത്‌മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരമാണെന്ന് തിരിച്ചറിയാന്‍ ഈ സംവാദം വിദ്യാർഥികളെ സഹായിക്കുമെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഈ ക്ഷണം സ്വീകരിക്കുമെന്നും വിലയേറിയ ആശയങ്ങളും അനുഭവങ്ങളും വിദ്യാര്‍ഥികളുമായും അക്കാദമിക സമൂഹവുമായും അദ്ദേഹം പങ്കുവെക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ടോം ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് പുറമേ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോണിനും ക്ഷണക്കത്ത് കൈമാറിയിട്ടുണ്ട്. 30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികൾ അടക്കം 80ലേറെ സ്‌ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്‌റ്റിറ്റ്യൂഷന്‍സിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിള്‍ പ്ളസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഒന്നാണ് ഈ യൂണിവേഴ്‌സിറ്റിയെന്ന് അധികൃതർ പറഞ്ഞു.
എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ആദ്യ 100 റാങ്കിങ്ങിലുമുള്ള ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസില്‍ മാനേജ്‌മെന്റ്, കൊമേഴ്‌സ്, സയന്‍സ്, ഹ്യുമാനിറ്റീസ്, ടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണ് നല്‍കിവരുന്നതെന്നും യൂണിവേഴ്‌സിറ്റി അധികൃതർ വിശദീകരിച്ചു.
INFORMATIVE | ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































