ആഹാരമില്ല, പരിചരണക്കുറവും; മരിക്കുമ്പോൾ രാഹുലിന്റെ ഭാരം ഏഴുകിലോ മാത്രം

കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമുട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രണ്ടുവയസുകാരൻ രാഹുലാണ് മരിച്ചത്. കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെ തുടർന്ന് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടത്തിൽ വ്യക്‌തമായത്‌.

By Senior Reporter, Malabar News
rahul
മരിച്ച രണ്ടുവയസുകാരൻ രാഹുൽ

ഹരിപ്പാട്: പോഷകാഹാരവും പരിചരണവും ഇല്ലാതെ കാർത്തികപ്പള്ളിയിൽ രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മ വണ്ടാനം മെഡിക്കൽ കോളേജിൽ ഏഴാമത്തെ കുഞ്ഞിന് ജൻമം നൽകി ചികിൽസയിലിരിക്കെയാണ് കുഞ്ഞ് മരിക്കുന്നത്.

മരിക്കുമ്പോൾ കുഞ്ഞിന്റെ ഭാരം ഏഴുകിലോ മാത്രമാണെന്നാണ് റിപ്പോർട്. വേണ്ട പരിചരണമോ പോഷകാഹാരങ്ങളോ രണ്ടുവയസുകാരന് ലഭിച്ചിരുന്നില്ല. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമുട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രണ്ടുവയസുകാരൻ രാഹുലാണ് മരിച്ചത്.

ഞായറാഴ്‌ച രാവിലെ ഏഴരയോടെ വീടിനുള്ളിൽ അനക്കമറ്റുകിടന്ന കുഞ്ഞിനെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ സ്‌ഥിരീകരിച്ചു. പാൽ ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണമെന്നാണ് രാജേഷ് ബന്ധുക്കളോട് പറഞ്ഞത്.

സംഭവത്തിൽ സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്‌റ്റുമോർട്ടത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെ തുടർന്ന് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് പോലീസ് അറിയിച്ചു.

12 കിലോ ശരീരഭാരം വേണ്ട സ്‌ഥാനത്ത്‌ ഏഴുകിലോ മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് പ്രസവ വേദനയെ തുടർന്ന് അവശനിലയിലായ താരയെ ആശാപ്രവർത്തകർ ഇടപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവർ ആൺകുഞ്ഞിന് ജൻമം നൽകി.

ഈ സമയം രാഹുൽ പിതാവ് രാജേഷിനൊപ്പമായിരുന്നു. എന്നാൽ, ഇയാൾ വേണ്ടത്ര പരിചരണം കുട്ടിക്ക് നൽകിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. മുൻപും ഇവരുടെ ഒരു ആൺകുഞ്ഞ് മരിച്ചിരുന്നു. കുട്ടി കൈയിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതിനെ തുടർന്നാണ് മരിച്ചതെന്നായിരുന്നു അന്ന് കുടുംബം നൽകിയ വിശദീകരണം.

മഴക്കെടുതിയിൽ വീട് തകർന്ന് പ്ളാസ്‌റ്റിക് ഷെഡിൽ കഴിഞ്ഞിരുന്ന ഈ കുടുംബത്തിന്റെ ദുരിതാവസ്‌ഥ നേരത്തെ വാർത്തയായിരുന്നു. തുടർന്ന് ജനപ്രതിനിധികളും ശിശുക്ഷേമസമിതിയും ഇടപെട്ട് പത്തനംപുരം ഗാന്ധിഭവനിൽ എത്തിച്ചിരുന്നു. എന്നാൽ, അവിടെ തുടരാൻ കുടുംബം വിസമ്മതിച്ചതിനെ തുടർന്ന് സിഡബ്‌ള്യൂസിയുടെ അനുമതിയോടെയാണ് ഇവർ വളയകുളങ്ങരയിലെ കുടുംബ വീട്ടിലേക്ക് മടങ്ങിയത്.

കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതുമായി ബന്ധപ്പെട്ട പിതാവ് രാജേഷിനെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരം നടപടിയെടുക്കുന്ന കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, മൂന്നുമുതൽ 11 വയസുവരെ പ്രായമുള്ള മറ്റു നാല് പെൺകുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE