ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ നിരക്ക് 77 ശതമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,081 പേര്‍ക്കാണ് കോവിഡ് ഭേദമായത്. ഇതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 27,39,882 ആയി.
രാജ്യത്തു കോവിഡ് ബാധിക്കുന്നവരുടെ 3.61 മടങ്ങു പേരാണ് രോഗമുക്തി നേടുന്നത്. ജൂലൈ ഒന്നു മുതല്‍ ഒരാഴ്ച വരെയുള്ള കാലയളവില്‍ രോഗമുക്തി നേടിയിരുന്നത് 15000- ത്തോളം ആളുകളായിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച ഇത് 62,000 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് രാജ്യത്തിനു ശുഭ പ്രതീക്ഷയുടെ സൂചനയാണ്. ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 7,85,996 പേരാണ്.