കോഴിക്കോട്: ശക്‌തമായ മഴയെ തുടർന്ന് കടലുണ്ടി പഞ്ചായത്തിലെ ബൈത്താനിയിലും ഗോതീശ്വരത്തും കടലേറ്റം രൂക്ഷമായതോടെ നാൽപ്പതോളം കുടുംബങ്ങൾ ആശങ്കയിൽ. കടൽ പ്രക്ഷുബ്‌ധമായതോടെ തീരദേശ വാസികളുടെ വീടുകളിലേക്ക് വെള്ളം കയറി തുടങ്ങി.
ഗോതീശ്വരത്ത് ഇന്നലെ ഉച്ചയോടെയുള്ള വേലിയേറ്റ സമയത്താണ് തിരമാലകൾ ശക്‌തമായി കരയിലേക്ക് അടിച്ച് കയറിയത്. ഇതോടെ ഗോതീശ്വരം ക്ഷേത്രം മുതൽ തൈക്കാട് ക്ഷേത്രം വരെയുള്ള തീരത്ത് ജീവിക്കുന്ന 20 ഓളം കുടുംബങ്ങളുടെ വീടുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. ബൈത്താനിയിലും കടലേറ്റം ശക്‌തമാണ്. വെള്ളം കയറുന്നത് ഭയന്ന് പല കുടുംബങ്ങളും രാത്രിയിൽ മറ്റു വീടുകളിലാണ് അഭയം തേടുന്നത്.
ഇരു മേഖലകളിലെയും നിലവിലുള്ള തീര സംരക്ഷണ ഭിത്തികൾ തകർന്നതാണ് വീടുകളിലേക്കു വെള്ളം കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഏത് നിമിഷവും വീടിനുള്ളിലേക്ക് വെള്ളം കയറുന്ന സ്‌ഥിതിയാണുള്ളത്. കൂടാതെ തീരത്ത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ പകർച്ചവ്യാധി ഭീഷണിയും ഉണ്ടെന്ന് ഇവർ പറഞ്ഞു. ഉചിതമായ സംരക്ഷണ ഭിത്തി കെട്ടി തീരദേശ സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും