കണ്ണൂർ: ഐഎഎസ് പാസാകാൻ ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം തങ്ക ഭസ്‌മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്‌ച ശക്‌തിക്ക് മങ്ങലേറ്റതായി പരാതി. കണ്ണൂർ കൊറ്റോളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദാണ് കണ്ണവം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെയാണ് പരാതി. വ്യാജ ഗരുഡ രത്‌നം, തങ്ക ഭസ്‌മം, വിദേശ ലക്ഷ്‌മി യന്ത്രം എന്നിവ നൽകിയതിന് 11,75,000 ലക്ഷം രൂപ ജ്യോത്സ്യൻ തട്ടിയെടുത്തതുമായി കാണിച്ചാണ് വിദ്യാർഥി പരാതി നൽകിയിരിക്കുന്നത്.
വീടുമായി ബന്ധപ്പെട്ട മുഹൂർത്തം നോക്കാനാണ് മൊബിൻ ചാന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ജ്യോതിഷാലയത്തിൽ എത്തുന്നത്. തുടർന്ന്, മൊബിന്റെ വീട്ടിൽ നിരന്തരം വന്ന ജ്യോത്സ്യൻ മൊബിൻ വാഹനാപകടത്തിൽ മരിക്കാൻ സാധ്യത ഉണ്ടെന്നും പറഞ്ഞ് വീട്ടുകാരെ ഭയപ്പെടുത്തിയിരുന്നു. തുടർന്ന് ആദിവാസികളിൽ നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയുള്ള രത്‌നം പത്തെണ്ണം വാങ്ങി സൂക്ഷിക്കാൻ വീട്ടുകാരോട് നിർദ്ദേശിക്കുകയായിരുന്നു.
ഭാവിയിൽ മകൻ ഐഎഎസ് പാസാകാൻ തങ്കഭസ്‌മം പാലിൽ കലക്കി കുടിക്കാനും വിദേശ ലക്ഷ്‌മി യന്ത്രം വാങ്ങിച്ച് വീട്ടിൽ സൂക്ഷിക്കാനും ഉപദേശിച്ചു. ഗരുഡ രത്‌നത്തിന് പത്ത് ലക്ഷവും ഭസ്‌മത്തിന് 1,25,000 രൂപയും ലക്ഷ്‌മി യന്ത്രത്തിന് 50,000 രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. ജില്ലാ പോലീസ് മേധാവിക്കാണ് മൊബിൻ പരാതി നൽകിയിരിക്കുന്നത്.
Most Read: കെഎസ്‌ആർടിസി ഡിപ്പോകളിലെ ബെവ്‌കോ; ചർച്ച തുടരുമെന്ന് ഗതാഗത മന്ത്രി