വാഷിംഗ്ടണ്‍: അമേരിക്കന്‍ ബജറ്റ് ആന്റ് മനേജ്മെന്റ് ഓഫീസ് മേധാവിയായി ഇന്ത്യന്‍ വംശജ നീര ടണ്ടനെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യുയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കയുടെ ബജറ്റ് ചീഫ് സ്‌ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയായിരിക്കും നീര ടണ്ടന്‍.
സാമ്പത്തിക ഉപദേഷ്‌ടക കൗണ്‍സിലിലേക്ക് പ്രമുഖ ധനകാര്യ വിദഗ്ധയായ സിസിലിയ റൗസിനെയും അമേരിക്കന്‍ പ്രോഗ്രസ് സെന്റര്‍ മേധാവിയായി നീര ടണ്ടനേയും നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഉപദേഷ്‌ടാക്കളുടെ കൗണ്‍സിലില്‍ ബൈഡനൊപ്പം പ്രചാരണ രംഗത്തുണ്ടായിരുന്ന ധനകാര്യ വിദഗ്ധരായ ജെര്‍ഡ് ബേണസ്‌റ്റിന്‍, ഹീതര്‍ ബീഷി എന്നിവരുമുണ്ടാകും.
ബൈഡന്റെ കാബിനറ്റിലും സമിതികളിലും നിരവധി സ്‍ത്രീകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ ഭരണത്തില്‍ ആരോഗ്യ സംരക്ഷണ ഉപദേഷ്‌ടാവായിരുന്നു നീര ടണ്ടന്‍. ഡെമോക്രാറ്റ് ഹിലരി ക്ളിന്റന്റെ 2016 ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉപദേഷ്‌ടാവും നീര ടണ്ടനായിരുന്നു.
1970 സെപ്റ്റംബര്‍ 10 ന് ബെഡ്‌ഫോര്‍ഡില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായാണ് നീര ടണ്ടന്‍ ജനിച്ചത്. നീരക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ അവരുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടി, അതിനുശേഷം, അമ്മയുടെ സംരക്ഷണയിലാണ് നീര വളര്‍ന്നത്. 1992ല്‍ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. 1996ല്‍ യേല്‍ ലോ സ്‌കൂളില്‍ നിന്ന് ജൂറിസ് ഡോക്‌ടർ ബിരുദം നേടി. ആദ്യകാലങ്ങളില്‍ അവിടെ യേല്‍ ലോ ആൻഡ് പോളിസി റിവ്യൂവിന്റെ സബ്‌മിഷന്‍ എഡിറ്ററായിരുന്നു നീര ടണ്ടന്‍.