പാലക്കാട്: ജില്ലയിൽ കൽപ്പാത്തി രഥോൽസവം നടത്താനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. അറ്റകുറ്റപ്പണികൾക്കായി രഥങ്ങൾ എത്തിത്തുടങ്ങി. വിവിധ ക്ഷേത്രങ്ങളിൽ രഥോൽസവത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അടുത്ത മാസം 14, 15, 16 തീയതികളിലാണ് ആചാര അനുഷ്‌ഠാനങ്ങളോടെ രഥോൽസവം നടക്കുന്നത്. ഈ മാസം എട്ടിനാണ് കൊടിയേറ്റം.
കഴിഞ്ഞ 2 വർഷക്കാലമായി കോവിഡ് വ്യാപനത്തെ തുടർന്ന് രഥോൽസവം ചടങ്ങുകൾ മാത്രമായി ചുരുക്കിയാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പതിവ് രീതിയിൽ തന്നെ രഥോൽസവം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ജില്ലാ അതോറിറ്റിയുമായി ഉൾപ്പടെ കൂടിയാലോചിച്ച ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ സാഹചര്യത്തിൽ ഉൽസവത്തിന്റെ രൂപരേഖ തയ്യാറാക്കി ഗ്രാമസമൂഹം ജില്ലാ ഭരണകൂടത്തിന് കൈമാറി.
രൂപരേഖയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചർച്ച ചെയ്‌ത് തീരുമാനമെടുക്കും. അതേസമയം, ഉൽസവം നടത്തിപ്പിന് മുന്നോടിയായി കൽപ്പാത്തി ഗ്രാമത്തിലെ മുഴുവൻ റോഡുകളും ശരിയാക്കും. മഴ ഇല്ലെങ്കിൽ പൂർണമായി ടാറിങ് നടത്തുകയോ, മഴ ആണെങ്കിൽ പൈപ്പ് ഇടുന്നതിനായി പൊളിച്ച ഭാഗങ്ങളിൽ ടാറിങ് നടത്തുകയോ ചെയ്യാനാണ് തീരുമാനം. ഇതിന്റെ നടപടി ക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
Most Read: കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിന് ഇന്ന് തുടക്കം; നിയമന ശുപാർശകൾ കൈമാറും