തിരുവനന്തപുരം: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അപകടത്തിൽ ഒമ്പത് പേരാണ് മരിച്ചത്. മരിച്ചവരെല്ലാം തോട്ടം തൊഴിലാളികൾ ആയിരുന്നു. ഓഗസ്‌റ്റ് 25നാണ് അപകടം നടന്നത്.
കണ്ണോത്ത് മലക്ക് സമീപം വളവും ഇറക്കവുമുള്ള റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടു 25 അടി താഴ്‌ചയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞതാണ് അപകടം ഗുരുതരമാക്കിയത്. തോട്ടം തൊഴിലാളികളായ സ്‌ത്രീകൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
തലപ്പുഴ ആറാം നമ്പർ കോളനിയിലെ കൂളൻതൊടിയിൽ സത്യന്റെ ഭാര്യ ലീല, കൂക്കോട്ടിൽ ബാലന്റെ ഭാര്യ ശോഭന, കാപ്പിൽ മമ്മുവിന്റെ ഭാര്യ റാബിയ, പത്‌മനാഭന്റെ ഭാര്യ ശാന്ത, മകൾ ചിത്ര, വേലായുധന്റെ ഭാര്യ കാർത്യായനി, പഞ്ചമിയിൽ പ്രമോദിന്റെ ഭാര്യ ഷാജ, ചന്ദ്രന്റെ ഭാര്യ ചിന്നമ്മ, തങ്കരാജിന്റെ ഭാര്യ റാണി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ജീപ്പ് ഡ്രൈവർ മണികണ്‌ഠൻ, തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ ചിന്നയ്യന്റെ ഭാര്യ ഉമാദേവി, പുഷ്‌പരാജിന്റെ ഭാര്യ ജയന്തി, ബാലസുബ്രഹ്‌മണ്യന്റെ ഭാര്യ ലത, മണികണ്‌ഠന്റെ മകൾ മോഹന സുന്ദരി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി 10,000 രൂപ വീതം കളക്‌ടർ അനുവദിച്ചിരുന്നു.
Most Read| ജാതിവിവേചനം ഉണ്ടായിട്ടില്ല; ആചാരപരമായ കാര്യങ്ങളാണ് നടന്നതെന്ന് യോഗക്ഷേമസഭ