പാലക്കാട്: ജില്ലയിൽ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ ഉള്ളത് അരലക്ഷത്തിൽ അധികം ആളുകൾ. വാക്‌സിൻ യഥേഷ്‌ടം ജില്ലയിൽ ലഭ്യമായിട്ടും കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്രയധികം ആളുകൾ ജില്ലയിൽ രണ്ടാം ഡോസ് സ്വീകരിക്കാനുള്ളത്. അറുപതിനായിരത്തോളം പേർ രണ്ടാം ഡോസ് കോവിഷീൽഡ് വാക്‌സിനും, പതിനായിരത്തിൽ അധികം ആളുകൾ രണ്ടാം ഡോസ് കൊവാക്‌സിനും സ്വീകരിക്കാനുണ്ട്.
സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾ ജില്ലയിൽ നിരവധിയാണ്. വാക്‌സിനേഷനുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് മിക്ക ആളുകളും പരാതിപ്പെടുന്നത്. എന്നാൽ രണ്ടാം ഡോസിന് സമയമായാൽ അറിയിപ്പ് ലഭിച്ചില്ലെങ്കിലും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പ് എടുക്കാമെന്നാണ് ആരോഗ്യ പ്രവർത്തകർ വ്യക്‌തമാക്കുന്നത്.
അതേസമയം ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ എടുത്ത ആളുകൾ 90 ശതമാനത്തിന് മുകളിലെത്തി. നിലവിൽ സർക്കാർ ആശുപത്രികളിലും വാക്‌സിനേഷൻ നടപ്പാക്കുന്നുണ്ട്. കൂടാതെ കോളേജ് വിദ്യാർഥികളിൽ ഭൂരിഭാഗം ആളുകളും വാക്‌സിൻ സ്വീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്.
Read also: വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ സജീവം; പണം നഷ്‌ടമായതായി കോഴിക്കോട് സ്വദേശി