ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിനിടെ രാജ്യതലസ്‌ഥാനത്ത് നടന്ന പോലീസ് നടപടിയില്‍ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി കേന്ദ്രസര്‍ക്കാര്‍. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. കര്‍ഷക സമരത്തിനിടെ മരിച്ചവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്‌ഥാന സര്‍ക്കാരുകളാണെന്നും തോമർ അറിയിച്ചു.
കര്‍ഷക സമരത്തിനിടെ ഉണ്ടായ പോലീസ് നടപടിയില്‍ ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ധീരരാജ് പ്രസാദ്, ആം ആദ്മി നേതാവ് സഞ്‌ജയ് സിംഗ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് കൃഷിമന്ത്രിയുടെ മറുപടി. ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ ഒരു വര്‍ഷത്തിൽ ഏറെയായി അതിര്‍ത്തിയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നു.
സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം, മിനിമം താങ്ങുവില, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു. രേഖാമൂലം ഉറപ്പുവേണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു.
പ്രക്ഷോഭങ്ങള്‍ക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്‌ഥാനങ്ങള്‍ സമ്മതമറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. മിനിമം താങ്ങുവില സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സമിതിയെ നിയോഗിക്കും. കര്‍ഷക പ്രതിനിധികളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തും. വൈദ്യുതി ഭേദഗതി ബില്ലില്‍ എല്ലാവരുടെയും അഭിപ്രായം തേടും.
Read also: കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന യുവാവിന് ക്രൂരമർദ്ദനം; പോലീസുകാരന് എതിരെ നടപടി