പാലക്കാട്: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. അടച്ചിട്ട മുറികളിലെ പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. തുറസായ സ്‌ഥലങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ നടത്താം. ജില്ലയിലെ ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ ഉടൻ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ നിർദ്ദേശം നൽകി.
ആരോഗ്യവകുപ്പ് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സഹായത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി ഉടൻ വാക്‌സിൻ നൽകണം. ഒന്നാം ഡോസ് എടുക്കാൻ ഉള്ളവർക്കും നൽകും. അതേസമയം, ഒമൈക്രോൺ ഭീതി നിലനിൽക്കുന്നതിനാൽ ജില്ലയിൽ പുതുവൽസര ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31ന് രാത്രി പത്ത് മണിക്ക് ശേഷം ആഘോഷം അനുവദിക്കില്ല. കോവിഡ് നിയമ ലംഘനങ്ങൾ പരിശോധിക്കാൻ ജില്ലയിൽ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്.
പൊതുസ്‌ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കും. ആൾക്കൂട്ടം ഉണ്ടാവാൻ സാധ്യതയുള്ള സ്‌ഥലങ്ങളിൽ കൂടുതൽ പോലീസിനെയും വിന്യസിക്കും. പരിധിവിട്ട ആഘോഷ പ്രകടനങ്ങൾക്കും പോലീസ് നിയന്ത്രണം ഉണ്ടാകും. ജോലിയുടെ ഭാഗമായി ജില്ലയിൽ എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്‌ഥന് കഴിഞ്ഞ ദിവസം ഒമൈക്രോൺ സ്‌ഥിരീകരിച്ചിരുന്നു. 24ന് ആണ് ഇയാൾ ജില്ലയിൽ എത്തിയത്. ശബരിമല ഡ്യൂട്ടിക്ക് ശേഷം പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്.
Most Read: ഒമൈക്രോൺ വ്യാപനം; സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം