പാലക്കാട് : വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളിൽ വിധി നാളെ പറയുമെന്ന് വ്യക്‌തമാക്കി പാലക്കാട് പോക്‌സോ കോടതി. ഒപ്പം തന്നെ കേസിലെ പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടിയതായും കോടതി ഉത്തരവിട്ടു. ഇരുവരുടെയും റിമാൻഡ് കാലാവധി ഫെബ്രുവരി 5ആം തീയതി വരെയാണ് നീട്ടിയത്.
വാളയാർ കേസിൽ പുനർവിചാരണ ആരംഭിച്ചതോടെയാണ് കേസിലെ പ്രതികളായ വി മധു, ഷിബു എന്നിവരെ കോടതി റിമാൻഡ് ചെയ്‌തത്. കൂടാതെ കേസിലെ മറ്റൊരു പ്രതിയായിരുന്ന എം മധുവിന്റെ ജാമ്യാപേക്ഷ അംഗീകരിക്കുകയും ചെയ്‌തിരുന്നു. വാളയാർ കേസിൽ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പുനർവിചാരണ ആരംഭിച്ചത്. തുടരന്വേഷണം ആരംഭിക്കുന്നതിന് വിചാരണ നടന്ന പോക്‌സോ കോടതിയെ തന്നെ ബന്ധപ്പെടാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.
കേസിൻറെ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. റെയിൽവേ എസ്‌പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഒപ്പം തന്നെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും, അതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ഇവ കണക്കിലെടുത്താണ് കേസിന്റെ തുടരന്വേഷണത്തിൽ കോടതി നാളെ വിധി പറയുന്നത്.
Read also : റഷ്യൻ വാക്‌സിന് യുഎഇയുടെ അംഗീകാരം