വയനാട്: പറളിക്കുന്ന് അബ്‌ദുൽ ലത്തീഫിന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്‌റ്റ്. കേസിൽ നേരത്തെ റിമാൻഡിലായ ലത്തീഫിന്റെ രണ്ടാം ഭാര്യ ജസ്‌നയുടെ നാല് ബന്ധുക്കളാണ് അറസ്‌റ്റിലായത്. ജസ്‌നയുടെ അമ്മ ഷാജിറ, അമ്മാവൻ നൗഷാദ്, നൗഷാദിന്റെ ഭാര്യ മൈമുന, ഖദീജ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം ഇന്ന് അറസ്‌റ്റ് ചെയ്‌തത്.
കൊല നടക്കുന്ന ദിവസം ഇവർ ജസ്‌നയുടെ വീട്ടിൽ ഉണ്ടായിരുന്നു. അന്വേഷണത്തിൽ കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായി ക്രൈം ബ്രാഞ്ച് അറിയിച്ചു. 2020 ഡിസംബർ 20ന് രാത്രി പത്ത് മണിക്കാണ് അബ്‌ദുൽ ലത്തീഫിനെ രണ്ടാം ഭാര്യയും ബന്ധുക്കളും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. കമ്പളക്കാട് പറളിക്കുന്ന് ലക്ഷംവീട് കോളനിയിലെ ജസ്‌നയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കേസിലെ ദുരൂഹതകൾ നീക്കാൻ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ നേരത്തെ റിമാൻഡിലായ ജസ്‌നയും സഹോദരൻ ജംഷാദും ഈയിടെയാണ് പരോളിലിറങ്ങിയത്. അതേസമയം, ഇന്ന് അറസ്‌റ്റിലായ പ്രതികളുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. നാല് പേരെയും ഉടൻ കോടതിയിൽ ഹാജരാക്കും. അതേസമയം, ജസ്‌നയുടെ മറ്റൊരു സഹോദരൻ വീടിനോട് ചേർന്നുള്ള കിണറിൽ വീണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതും വിവാദമായിരുന്നു.
Most Read: സ്‌കൂൾ സമയം നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ല; ഓൺലൈൻ ക്‌ളാസുകൾ തുടരും