തിരുവനന്തപുരം: സ്‌കൂളുകളിലെ പ്രവര്‍ത്തി സമയം നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സമയം നീട്ടിയാലും ഓണ്‍ലൈന്‍ ക്‌ളാസുകൾ തുടരും. അധ്യാപകരുടെയും വിദ്യാർഥികളുടെയും സൗകര്യം പരിഗണിച്ചുള്ള ക്രമീകരണം ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെ നീട്ടണമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഉച്ച വരെയുള്ള ക്‌ളാസുകളിലൂടെ സിലബസ് മുഴുവൻ പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നിർദ്ദേശം. സംസ്‌ഥാനത്ത് നിലവിൽ പല ബാച്ചുകളിലായി ബയോബബിൾ സംവിധാനത്തിലാണ് ക്‌ളാസുകൾ നടത്തുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
അതേസമയം, ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്ളസ് വണ്‍ പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചതെന്നും പരീക്ഷാ നടത്തിപ്പ് വിജയകരമാക്കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് പരീക്ഷ നടത്തണോ എന്ന ആശങ്ക ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. 2021 സെപ്‌റ്റംബര്‍ 6 മുതല്‍ 18 വരെയാണ് ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നടത്താന്‍ ആദ്യം നിശ്‌ചയിച്ചിരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കോവിഡ് മാനദണ്ഡപ്രകാരം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനായെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Also Read: ‘ഒമൈക്രോൺ’: സംസ്‌ഥാനത്തും ജാഗ്രത, നിരീക്ഷണം ശക്‌തമാക്കി; ആരോഗ്യമന്ത്രി