തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമൈക്രോൺ’ വിദേശത്ത് കണ്ടെത്തിയ സാഹചര്യത്തിൽ സംസ്‌ഥാനത്തും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം അനുസരിച്ചുള്ള എല്ലാ നടപടി ക്രമങ്ങളും സംസ്‌ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങൾ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കിയതായും മന്ത്രി വ്യക്‌തമാക്കി.
എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്‌തമാക്കും. കേന്ദ്ര മാർഗനിർദ്ദേശങ്ങളിൽ പറയുന്ന വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവരെ കൂടുതൽ നിരീക്ഷിക്കും. ഈ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഈ രാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്ത് എത്തുന്നവർ എയർപോർട്ടുകളിൽ വീണ്ടും ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയമാകണം.
ഇതിനായി എയർപോർട്ടുകളിൽ കൂടുതൽ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തി വരുന്നതായും മന്ത്രി അറിയിച്ചു. ഇവർ ഏഴ് ദിവസം ക്വാറന്റെയ്‌നിൽ ഇരിക്കണം. അതിന് ശേഷം വീണ്ടും ആർടിപിസിആർ നടത്തണം. കൂടാതെ, ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ സംശയമുള്ള സാമ്പിളുകൾ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനക്കായി അയക്കുന്നതാണ്. നിലവിൽ സംസ്‌ഥാനത്ത് ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാവരും കോവിഡ് മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
Most Read: കാർഷിക നിയമങ്ങൾ റദ്ദാക്കൽ; തിങ്കളാഴ്‌ച പാർലമെന്റിൽ എത്തണമെന്ന് എംപിമാർക്ക് നിർദ്ദേശം