ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്‌ച അവതരിപ്പിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുക. പാർലമെന്റിൽ അന്നേ ദിവസം ഹാജരാകാൻ ബിജെപി ലോക്‌സഭാ എംപിമാർക്ക് വിപ്പ് നൽകി.
പാർലമെന്റിന്റെ ശീതകാല സമ്മേളനം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും. 26 ബില്ലുകളാണ് സമ്മേളനത്തതിൽ പരിഗണിക്കുന്നത്. ക്രിപ്‌റ്റോ കറൻസി നിയന്ത്രണ ബിൽ, പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി 51ൽ നിന്നും 26 ശതമാനമായി കുറയ്‌ക്കാനുള്ള ബിൽ എന്നിവയും പാർലമെന്റ് ചർച്ച ചെയ്യും. കോൺഗ്രസും തങ്ങളുടെ എല്ലാ എംപിമാർക്കും (ലോക്‌സഭയും രാജ്യസഭയും) ഇന്നലെ രാത്രി വിപ്പ് നൽകി.
കഴിഞ്ഞ വർഷത്തെ മൺസൂൺ സെഷനിലാണ് വിവാദ കാർഷിക നിയമങ്ങൾ പാസായത്. അന്ന് തന്നെ രാജ്യത്ത് പ്രതിഷേധം ഉയർന്നിരുന്നു. കാർഷിക നിയമത്തിന്റെ ഓരോ ഘട്ടത്തിലും പ്രതിപക്ഷവും ചോദ്യങ്ങൾ ഉന്നയിച്ചു. ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തിയ പോരാട്ടം ഒരു വർഷം പിന്നിടുമ്പോഴാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്.
Also Read: ദാരിദ്ര്യ സൂചിക; ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്‌ഥാനമായി കേരളം