ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി ആരംഭിച്ചു; ആരോഗ്യമന്ത്രി

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി സേവനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഒപിയുടെ പ്രവര്‍ത്തനം. പോസ്‌റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഈ ഒപി സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

പോസ്‌റ്റ് കോവിഡ് ആരോഗ്യ പ്രശ്‌നങ്ങളായ വിട്ടുമാറാത്ത ചുമ, ശ്വാസതടസം, കിതപ്പ്, നെഞ്ചുവേദന, നെഞ്ചില്‍ ഭാരം കയറ്റി വച്ചത് പോലുള്ള തോന്നല്‍, തലവേദന, തലകറക്കം, ഓര്‍മ്മക്കുറവ്, ഏകാഗ്രത നഷ്‌ടപ്പെടല്‍, ഉറക്കകുറവ്, ആശയക്കുഴപ്പം, പേശീ വേദന, സന്ധി വേദന, അകാരണമായ ക്ഷീണം, കാല്‍പാദങ്ങളില്‍ ഉണ്ടാകുന്ന നീര്‍വീക്കം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ കൃത്യമായും ഒപി സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.

പോസ്‌റ്റ് കോവിഡ് ഒപി തുടങ്ങിയപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ആദ്യ ദിവസം തന്നെ നൂറിലധികം പേരാണ് സേവനം പ്രയോജനപ്പെടുത്തിയത്. ഇതുകൂടാതെ കോവിഡ് ഒപിയില്‍ രോഗികള്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാണ്. മെഡിക്കല്‍ കോളേജിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ കീഴില്‍ പരിശീലനം ലഭിച്ച ഡോക്‌ടര്‍മാരാണ് ഇ- സഞ്‌ജീവനി പോസ്‌റ്റ് കോവിഡ് ഒപി വഴിയുള്ള സേവനങ്ങള്‍ നല്‍കുന്നത് .

ഇ- സഞ്‌ജീവനി വഴി എങ്ങനെ ഡോക്‌ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ഇ-സഞ്‌ജീവനി ആപ്ളിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്‌ത്‌ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്‌റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്‌തശേഷം ലഭിച്ച ടോക്കണ്‍ നമ്പര്‍ ചേര്‍ത്ത് പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്‌ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

ഇ- സഞ്‌ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Most Read: മലയാളികളുടെ ബെംഗളൂരു യാത്രക്ക് വീണ്ടും തിരിച്ചടി; എൻഎച്ച് 948ലും രാത്രിയാത്രാ നിരോധനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE