തിരുവനന്തപുരം: സിൽവർ ലൈനിനായി തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ ശ്രീധരൻ. മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്‌ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ല. സംസ്‌ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥ തകർക്കുന്ന പദ്ധതിയാണ് കെ-റെയിൽ. പണം ലഭിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതും വ്യക്‌തതയില്ല.
പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല. പരിസ്‌ഥിതി നാശവും കുടിയിറക്കലും ഉണ്ടാകും. സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് പദ്ധതി. ഇതിന് അനുമതി ലഭിക്കാനായി സർക്കാർ ചെലവ് ചുരുക്കി കാണിക്കുന്നു. കുറഞ്ഞത് 95,000 കോടി ചെലവ് വരുന്നതാണ് പദ്ധതിയെന്നും ഇദ്ദേഹം പറഞ്ഞു. ബിജെപിയുടെ കെ-റെയിൽ വിരുദ്ധ യാത്ര കുന്ദംകുളത്ത് ഉൽഘാടനം ചെയ്യുകയായിരുന്നു ഇ ശ്രീധരൻ.
കെ-റെയിലിൽ മുഖ്യമന്ത്രിയുടേത് മർക്കട മുഷ്‌ടി ആണെന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തി. ജനദ്രോഹകരമായ പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം. പദ്ധതിയുടെ പേരിൽ സ്‌ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
Read Also: വധ ഗൂഢാലോചന കേസ്; സായ് ശങ്കര്‍ ഹാജരാകില്ല








































