മലിനജലം ഒഴുക്കാൻ മാത്രമല്ല, വീട് ഒരുക്കാനും ഈ പൈപ്പ് മതി; വ്യത്യസ്‌ത ആശയവുമായി യുവതി

By Desk Reporter, Malabar News
This pipe is enough not only to drain the sewage, but also to prepare the house; Young woman with a different idea
Ajwa Travels

രാജ്യത്ത് വികസനങ്ങൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സ്വന്തമായി ഒരു വീടില്ലാത്തവർ നിരവധിയാണ്. 2019ൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് ഇന്ത്യ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് എന്നാണ്. എന്നിരുന്നാലും, 63 ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോഴും മതിയായ താമസ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ഇതേ പഠനം വ്യക്‌തമാക്കുന്നു.

വൈക്കോലും ഷീറ്റുകളും മറ്റും മേഞ്ഞ താൽക്കാലിക ഷെഡ്ഡുകളിൽ താമസിക്കുന്നവർ ഇപ്പോഴും നമ്മുടെ രാജ്യത്ത് നിരവധിയുണ്ട്. ഈ സാഹചര്യത്തിലാണ് ഭവനരഹിതർക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ തെലങ്കാനയിൽ നിന്നുള്ള 23കാരി വ്യത്യസ്‌തമായ ആശയവുമായി മുന്നോട്ടുവന്നത്. മാനസ റെഡ്ഡി എന്ന സിവില്‍ എഞ്ചിനീയര്‍ അവതരിപ്പിക്കുന്ന പുതിയ സംവിധാനം വ്യത്യസ്‌തമാകുന്നത് മറ്റൊന്നും കൊണ്ടല്ല. മലിനജല പൈപ്പിനുള്ളില്‍ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ഒരു വീടാണ് മാനസ അവതരിപ്പിക്കുന്നത്.

കേൾക്കുമ്പോൾ ആദ്യം അവിശ്വസനീയമായി തോന്നിയേക്കാം, എന്നാൽ, ഈ വീടിനകം കണ്ടാൽ ആരും അൽഭുതപ്പെട്ടുപോകും. ഹോങ്കോംഗ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയിംസ് ലോ സൈബര്‍ടക്ച്ചര്‍ എന്ന സ്‌ഥാപനം വികസിപ്പിച്ചെടുത്ത ആശയമാണ് മാനസ ഇന്ത്യയില്‍ യാഥാർഥ്യമാക്കുന്നത്. ‘ഒപോഡ് ട്യൂബ് ഹൗസസ്’ എന്നാണ് പൈപ്പ് വീടുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. സിമന്റ് കൊണ്ട് മലിനജല പൈപ്പുകള്‍ നിർമിക്കുന്ന ഒരു സ്‌ഥാപനത്തെ മാനസ ഇതിനായി സമീപിച്ചു. ആവശ്യാനുസരണം അളവില്‍ മാറ്റം വരുത്തിയാണ് പൈപ്പ് നിർമിച്ചു വാങ്ങിയത്. ഏറ്റവും ചുരുങ്ങിയ ചിലവിൽ കുറഞ്ഞ സ്‌ഥലത്ത് വീടൊരുക്കുകയാണ് മാനസയുടെ ലക്ഷ്യം.

“തെലങ്കാനയിലെ ഒരു നിർമാതാവിൽ നിന്നാണ് പൈപ്പുകൾ വാങ്ങുന്നത്, എന്റെ ആവശ്യത്തിനനുസരിച്ച് അവയുടെ വലുപ്പം ഇച്ഛാനുസൃതമാക്കാൻ അവർ തയ്യാറായിരുന്നു. അവ വൃത്താകൃതിയിലാണെങ്കിലും, മൂന്ന് അംഗങ്ങളുള്ള ഒരു കുടുംബത്തിന് സുഗമായി കഴിയാൻ തക്കവിധം വിശാലമാണ്. കൂടാതെ ഉപയോക്‌താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വലുപ്പം കൂട്ടിയും കുറച്ചും നിർമിക്കാൻ കഴിയും,”- മാനസ പറയുന്നു.

This pipe is enough not only to drain the sewage, but also to prepare the house; Young woman with a different idea

ഇന്ത്യയില്‍ ആദ്യമായാണ് ഈ പദ്ധതി വരുന്നത്. ചേരികളിലും മറ്റും താമസയോഗ്യമല്ലാത്ത വീടുകളില്‍ ജീവിക്കേണ്ടി വരുന്നവരുണ്ട്. അവര്‍ക്കൊക്കെ ഈ വീട് പ്രതീക്ഷയാവും. മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഇതിന് ചിലവ് വരുക. പൈപ്പിന്റെ നിലവാരമനുസരിച്ച് 100 വര്‍ഷം വരെ ഈ വീട് ഈടുനിൽക്കും. 15 മുതൽ 20 ദിവസം കൊണ്ട് വീട് നിർമാണം പൂർത്തിയാകുമെന്നും മാനസ പറഞ്ഞു.

ബൊമ്മക്കൽ എന്ന ചെറിയ ഗ്രാമത്തിൽ ജനിച്ച് വളർന്ന മാനസ, തെലങ്കാന സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ എജ്യൂക്കേഷൻ സൊസൈറ്റിയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി (എൽപിയു)യിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് പാസായി.

തെലങ്കാനയിലെ ചേരികളിൽ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിച്ചതാണ് മാനസയെ സിവിൽ എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. വാസയോഗ്യമല്ലാത്ത, പൊട്ടിപ്പൊളിഞ്ഞതും ചോർന്നൊലിക്കുന്നതുമായ വീടുകളിൽ കുട്ടികളുമായി സ്‌ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് ആ ചേരികളിൽ കഴിഞ്ഞിരുന്നത്.

വലിയ ചിലവിൽ വീട് നിർമിക്കാനുള്ള സാമ്പത്തിക നിലയിലല്ല അവരാരും. അതുകൊണ്ടുതന്നെ കുറഞ്ഞ ചിലവിൽ അടച്ചുറപ്പുള്ളതും ഈടുനിൽക്കുന്നതുമായ വീട് നിർമിക്കാൻ എന്ത് ചെയ്യണമെന്ന ചിന്തയാണ് മാനസയെ ഈ ആശയത്തിൽ കൊണ്ടെത്തിച്ചത്. മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛൻ നഷ്‌ടപ്പെട്ട മാനസക്കും സഹോദരിക്കും പിന്നീട് അമ്മയായിരുന്നു താങ്ങും തണലും. പാവങ്ങളുടെ വീടെന്ന മാനസയുടെ ഈ സ്വപ്‌നം പൂര്‍ത്തിയാക്കാനുള്ള ആദ്യത്തെ പണം നല്‍കിയത് അമ്മയാണ്, അഞ്ച് ലക്ഷം രൂപ.

ഈ തുക ഉപയോഗിച്ചാണ് പൈപ്പും വീടിന് ആവശ്യമായ വാതിലുകളും ജനാലകളും ബാത്‌റൂമിലേക്ക് വേണ്ട വസ്‌തുക്കളും ഇലക്‌ട്രിക്കൽ ഫിറ്റിങ്ങുകളും വാങ്ങിയത്. ആദ്യ പൈപ്പ് വീടിന്റെ നിര്‍മാണത്തിന് 24 ദിവസം വേണ്ടി വന്നു. 16 അടി നീളവും ഏഴടി ഉയരവുമുള്ള വീടാണ് നിർമിച്ചത്. ചെറിയ ലിവിങ് റൂം, ബാത്‌റൂം, സിങ്ക് പിടിപ്പിച്ച അടുക്കള, ക്വീന്‍ സൈസ് ബെഡ് ഇടാവുന്ന ഒരു കിടപ്പുമുറി എന്നിവ ഉള്‍പ്പെടുന്ന വീടാണ് നിർമിച്ചത്.

വീടിനുള്ളിലെ ചൂടു കുറക്കുന്നതിനായി പൈപ്പിന് പുറത്ത് വെള്ള നിറം നല്‍കി. വീട്ടിലെ സൗകര്യങ്ങള്‍ ആളുകള്‍ക്ക് താമസിക്കാന്‍ പറ്റുന്ന വിധമാണോ എന്നറിയാന്‍ ഒരാളെ മാനസ ഇവിടെ ഒരാഴ്‌ച താമസിപ്പിച്ചു. അങ്ങനെയാണ് എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന് അവള്‍ മനസിലാക്കിയത്.

പൈപ്പ് വീട് പദ്ധതിക്കൊപ്പം ‘സാമ്‌നവി കണ്‍സ്ട്രക്ഷന്‍സ്’ എന്ന ഒരു സ്‌ഥാപനത്തിനും മാനസ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനോടകം കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നായി പൈപ്പ് വീട് നിര്‍മിക്കാനുള്ള 200ലധികം ഓര്‍ഡറുകള്‍ ലഭിച്ചതായി മാനസ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ച ശേഷം ഈ വീടുകളുടെ നിര്‍മാണം ആരംഭിക്കും.

Most Read:  സൽമാനും ആര്യനും; ‘മിഷൻ സി’ യിലൂടെ രണ്ട് യുവതാരങ്ങൾ ഉദയം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE