തലമുടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ട് വലഞ്ഞവരാണോ നിങ്ങൾ? എന്നാലിതാ തലമുടി തഴച്ചു വളരാനും കേടുപാടുകള്‍ മാറ്റാനും തൈരുകൊണ്ടുള്ള ഹെയര്‍മാസ്‌കുകള്‍ പരിചയപ്പെടാം. ഒരു കപ്പ് തൈരുണ്ടെങ്കിൽ നിങ്ങളുടെ തലമുടിയുടെ ഭൂരിഭാഗം പ്രശ്‌നങ്ങളോടും ‘ബൈ’ പറയാം.
സിങ്ക്, വിറ്റാമിൻ ഇ, പ്രോട്ടീനുകൾ, ലാക്റ്റിക് ആസിഡ് എന്നിവ കൊണ്ട് സമ്പന്നമാണ് പാലും പാലുൽപന്നങ്ങളും. തൈരിലടങ്ങിയിരിക്കുന്ന ഈ ഘടകങ്ങൾ നിങ്ങളുടെ തലമുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ്.
തൈര്- ഒലിവ് ഓയിൽ ഹെയർമാസ്‌ക്
മുടി ആരോഗ്യത്തോടെ ഇരിക്കേണ്ടതും പൊട്ടി പോകുന്നത് ഒഴിവാക്കേണ്ടതും മുടിയുടെ വളർച്ചയ്‌ക്ക് അത്യാവശ്യമാണ്. ഇതിനുള്ള ഏറ്റവും മികച്ച മാർഗമാണ് തൈര്. വിറ്റാമിൻ ബി5യുടെയും ആന്റി ബാക്‌ടീരിയൽ ഘടകങ്ങളുടെയും കലവറയാണ് തൈര്.
തയ്യാറാക്കുന്ന വിധം:
ഒരു കപ്പ് തൈരിലേക്ക് ഒരു ടേബിൾ സ്‌പൂൺ ഒലിവ് ഓയിൽ ചേർക്കുക. ഈ മിശ്രിതം മാറ്റി വെക്കുക. ഒരു പാത്രത്തിൽ ചെറുനാരാങ്ങാ നീരും വെള്ളവും ചേർത്ത് മിശ്രിതമുണ്ടാക്കുക. തലമുടിയിൽ ഷാംപൂ ഇട്ടശേഷം തൈരും ഒലിവ് ഓയിലും ചേർന്ന മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കുക.
20 മിനിറ്റ് നേരം ഇത് തലയിൽ തേച്ച് പിടിപ്പിച്ച് കാത്തിരിക്കുക. ഇതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം. ശേഷം ചെറുനാരങ്ങാ നീര് ചേർത്ത വെള്ളമുപയോഗിച്ച് വീണ്ടും തലമുടി കഴുകുക. മാസത്തിൽ മൂന്നു തവണ ഇങ്ങനെ ചെയ്‌താൽ മുടി പൊട്ടിപ്പോവാതെ കൂടുതൽ മൃദുലമാകും.
തൈര്-കറ്റാർവാഴ ഹെയർമാസ്‌ക്
വരണ്ട മുടി മൃദുലമാക്കാൻ ഈ ഹെയർമാസ്‌ക് ഉപയോഗിക്കാം. തൈരിലെയും കറ്റാർവാഴയിലെയും പ്രോട്ടീനുകൾ വരണ്ടതലമുടിയെ മൃദുവായി കാത്തുസൂക്ഷിക്കാൻ സഹായിക്കും. കറ്റാർവാഴയിലെ അമിനോ അസിഡുകൾ മുടിയുടെ വേരുകൾ ആരോഗ്യമുള്ളതായിരിക്കാൻ സഹായിക്കും.
തയ്യാറാക്കുന്ന വിധം:
തൈര്, തേൻ, കറ്റാർവാഴയുടെ കാമ്പ് എന്നിവ ചേർത്ത് മിശ്രിതം ഉണ്ടാക്കുക. തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ ഇത് പുരട്ടുക. മുക്കാൽ മണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തിൽ ഇത് കഴുകിക്കളയുക. വരണ്ട മുടിയാണ് നിങ്ങളുടേതെങ്കിൽ ഈ മിശ്രിതത്തിലേക്ക് പഴം കൂടി ചേർക്കാവുന്നതാണ്. മുടിയുടെ ആരോഗ്യപൂർണമായ വളർച്ചയ്‌ക്ക് ഈ പാക്ക് ഉത്തമമാണ്.
തൈര്-ഉലുവ ഹെയർ മാസ്‌ക്
തലയിലെ താരനകറ്റാൻ ഈ മാസ്‌ക് ഉപയോഗിക്കാം. മുടിയുടെ വളർച്ചയെ താരൻ സാരമായി ബാധിക്കും. കൃത്യമായി താരനെ ഒഴിവാക്കിയില്ലെങ്കിൽ തലമുടിയുടെ ആരോഗ്യം ക്ഷയിക്കും.
തൈരിലെ ഫംഗസിനെതിരേ പ്രവർത്തിക്കുന്ന ഘടകങ്ങൾ ഹെയർ ഫോളിക്കളുകളിൽ അടിഞ്ഞുകൂടിയിരിക്കുന്നവ നീക്കം ചെയ്യാൻ സഹായിക്കും.
തയ്യാറാക്കുന്ന വിധം:
കുറച്ച് ഉലുവയെടുത്ത് ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർക്കുക. ഇത് രാവിലെയെടുത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് തൈര് ചേർത്ത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
തൈര്-വാഴപ്പഴം ഹെയർമാസ്‌ക്
കെട്ടുപിണഞ്ഞ മുടിയ്‌ക്ക് പരിഹാരമാണ് ഈ മാസ്‌ക്. വരണ്ട കെട്ടുപിണഞ്ഞ മുടി വളർച്ചയെ സാരമായി ബാധിക്കും.
തയ്യാറാക്കുന്ന വിധം:
നന്നായി പഴുത്ത വാഴപ്പഴം തൈരിൽ ചേർത്ത് മിശ്രിതമുണ്ടാക്കുക. ഇത് തലമുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്‌ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യുക.
തൈര് മാസ്‌ക്
ഈ മാസ്‌ക് മുടി കൊഴിച്ചിൽ മാറ്റാൻ സഹായിക്കും. തലയിൽ അടിഞ്ഞുകൂടി അഴുക്കും ആരോഗ്യമില്ലാത്ത തലയോട്ടിയും മുടി കൊഴിച്ചിൽ വർധിപ്പിക്കും.
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ കുറച്ച് തൈര് എടുക്കുക. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അഞ്ചുമിനിറ്റ് നേരത്തേക്ക് നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക.
Most Read: ഒടുവിൽ പ്രഖ്യാപനമായി; ‘ആര്‍ആര്‍ആര്‍’ റിലീസ് ജനുവരിയിൽ