ചണ്ടീഗഡ്: ഇന്ത്യൻ ഷൂട്ടിംഗ് താരത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 17കാരിയായ ഖുഷ് സീറത് കൗറിനെയാണ് പഞ്ചാബിലെ ഫരീദ്കോട്ടിലുള്ള സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഈയിടെ അവസാനിച്ച 64ആമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിൽ ഖുഷ് സീറത് അതൃപ്തയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
“വ്യാഴാഴ്ച പുലർച്ചെ ഒരു പെൺകുട്ടി സ്വയം വെടിവെച്ചെന്ന അറിയിപ്പ് കൺട്രോൾ റൂമിൽ ലഭിച്ചു. ഞങ്ങൾ സ്ഥലത്തെത്തി 17കാരിയായ ഖുഷ് സീറത്തിന്റെ മൃതദേഹം കണ്ടെത്തി. സ്വന്തം പിസ്റ്റൾ കൊണ്ട് വെടിയുതിർത്താണ് ഖുഷ് സീറത് ജീവനൊടുക്കിയത്. ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിൽ സീറത് അതൃപ്തയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.”- പൊലീസ് പറഞ്ഞു.
ചാമ്പ്യൻഷിപ്പിന്റെ വ്യക്തിഗത വിഭാഗത്തിൽ ഒരു മെഡൽ പോലും നേടാൻ ഖുഷ് സീറത്തിനു സാധിച്ചിരുന്നില്ല. പ്രകടനം മോശമായിരുന്നെങ്കിലും മകളിൽ അതിന്റ നിരാശയൊന്നും കണ്ടില്ലെന്നാണ് പിതാവ് ജസ്വിന്ദർ സിംഗ് പറയുന്നത്. ഞങ്ങളെല്ലാവരും മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്നു. താഴത്തെ നിലയിൽ അവൾ പഠിക്കുമ്പോഴായിരുന്നു സംഭവം.രാവിലെയാണ് സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
നീന്തലിലാണ് ഖുഷ് സീറത്ത് കരിയർ ആരംഭിച്ചത്. ദേശീയ തലത്തിൽ മെഡലുകൾ നേടിയ താരം പിന്നീട് ഷൂട്ടിംഗിൽ ബിരുദം പൂർത്തിയാക്കുകയായിരുന്നു.
Read also: ജനറലിന് വിട നൽകി രാജ്യം; റാവത്തിനും ഭാര്യയ്ക്കും ഒരു ചിതയിൽ അന്ത്യവിശ്രമം