റോഡിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി മാറി ആറാം ക്ളാസ് വിദ്യാർഥിനികൾ. കണ്ണൂർ ചൊക്ളിയിലാണ് സംഭവം. ചൊക്ളി വിപി ഓറിയന്റൽ സ്‌കൂളിലെ മൂന്ന് വിദ്യാർഥിനികളാണ്, ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞുവീണ യുവതിക്ക് പ്രാഥമിക ചികിൽസ നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ചൊക്ളി ടൗണിലെ വിപി ഓറിയന്റൽ സ്‌കൂളിനരികിലുള്ള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഓട്ടോയിൽ കയറുന്നതിനിടെയാണ് മാഹി സ്വദേശിനിയായ യുവതിക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതും റോഡിലേക്ക് കുഴഞ്ഞുവീണതും. ഈ സമയം പിടി പിരീഡ് കഴിഞ്ഞ് റോഡിന് എതിർവശമുള്ള ഗ്രൗണ്ടിൽ നിന്ന് വരികയായിരുന്നു വിദ്യാർഥിനികൾ.
ഓടിച്ചെന്ന് യുവതിയുടെ കാലും കൈയും തടവിക്കൊടുത്തി. കൂടാതെ നെഞ്ചിലും പലതവണ അമർത്തി. കൈയിൽ ചൂട് പിടിക്കുകയും ചെയ്‌തു. ഇതോടെ യുവതിക്ക് ബോധം വന്നു. കുട്ടികളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് യുവതിക്ക് ജീവൻ തിരിച്ചുകിട്ടിയതെന്ന് ചുറ്റിലും ഓടിക്കൂടിയവരെല്ലാം പറഞ്ഞു.
ആയിഷ അലോന, ഖദീജ കുബ്ര, നഫീസത്തുൽ മിസിരിയ എന്നിവരാണ് താരമായി മാറിയത്. രാവിലെ സ്‌കൂളിൽ ഫസ്‌റ്റ് എയ്‌ഡ് നൽകുന്നതുമായി ബന്ധപ്പെട്ട് അധ്യാപകൻ പിവി ലൂബിൻ വിദ്യാർഥിനികൾക്ക് ക്ളാസ് നൽകിയിരുന്നു. ഈ ക്ളാസാണ് തങ്ങൾക്ക് യുവതിയുടെ ജീവൻ രക്ഷിക്കാൻ സഹായകരമായതെന്ന് വിദ്യാർഥിനികൾ പറയുന്നു.
സമീപത്തെ കടയുടമ ഉൾപ്പടെ കുട്ടികളെ അഭിനന്ദിച്ചു. കുട്ടികളെ കുറിച്ച് അഭിമാനം തോന്നുന്ന നിമിഷമാണിതെന്ന് അധ്യാപകനായ പിവി ലൂബിനും പറഞ്ഞു. തിയറിയായി പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ കുട്ടികൾ പ്രാവർത്തികമാക്കുന്നതിൽ സന്തോഷമുണ്ടെന്നും അധ്യാപകൻ കൂട്ടിച്ചേർത്തു. കുട്ടികളെ സ്‌കൂളിൽ അനുമോദിക്കുകയും ചെയ്‌തു.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്