കൊളംബോ: ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. 40 എംപിമാര്‍ ഭരണസഖ്യം വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി. ഇതില്‍ മുന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ എസ്എല്‍എഎഫ്‌പി പാര്‍ട്ടിയുടെ 15 അംഗങ്ങളും ഉള്‍പ്പെടുന്നു.
അതിനിടെ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശ്രീലങ്കയുടെ മുഖ്യ ബാങ്കായ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണര്‍ അജിത് നിര്‍വാദ് കബ്രാല്‍ തിങ്കളാഴ്‌ച രാജിവെച്ചിരുന്നു.
ജനരോഷം തണുപ്പിക്കാന്‍ സര്‍വകക്ഷി ദേശീയ സര്‍ക്കാരുണ്ടാക്കാനുള്ള ഭരണകക്ഷിയുടെ ശ്രമം വിഫലമായി. സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡണ്ട് ഗോതാബയ രാജപക്‌സെയുടെ ആഹ്വാനം പ്രതിപക്ഷം തള്ളി. പ്രധാനമന്ത്രി ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും ഞായറാഴ്‌ച രാജിവെച്ചിരുന്നു. ഇതില്‍ ഗോതാബയയുടെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രാജപക്‌സെയും ഉള്‍പ്പെടുന്നു. പകരം ധനവകുപ്പിന്റെ ചുമതല നല്‍കിയ നീതിന്യായ വകുപ്പ് മന്ത്രി അനില്‍ സബ്രി 24 മണിക്കൂര്‍ തികയും മുന്‍പെ പദവി രാജിവെച്ചു.
ഡെപ്യൂട്ടി സ്‌പീക്കർ രഞ്‌ജിത് സിയബലപിത്യയും ചൊവ്വാഴ്‌ച രാജിവെച്ചു. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി സര്‍ക്കാരില്‍ നിന്ന് പിൻമാറി സ്വതന്ത്ര നിലപാട് എടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്. സിലോണ്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
Most Read: ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത; മൽസ്യ ബന്ധനത്തിന് ജാഗ്രത