പട്ടാമ്പി: സർക്കാരിന്റെ വാക്സിനേഷൻ പ്രവർത്തനങ്ങളെ പിന്തുണച്ച് വാക്സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭ. സംസ്ഥാനത്തെ ആദ്യ സമ്പൂർണ വാക്സിനേറ്റഡ് നഗരസഭയാവുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും വാക്സിൻ സ്വീകരിക്കുന്നതോടൊപ്പം വാക്സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന രീതിയിലാണ് വാക്സിൻ ചലഞ്ച് ആവിഷ്കരിച്ചിരിക്കുന്നത്. തുടർന്ന് നഗരസഭയിലെ സന്നദ്ധ സംഘടനകൾ, ക്ളബ്ബുകൾ, സ്ഥാപനങ്ങൾ എന്നിവരെയും ചലഞ്ചിന്റെ ഭാഗമാക്കും.
നഗരസഭാ പരിധിയിൽ സർക്കാരിന് വാക്സിനേഷൻ ചിലവ് വരുന്ന പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്നതിനാണ് വാക്സിൻ ചലഞ്ച് ആവിഷ്കരിക്കുന്നത്. വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യുന്നതിനായി പൊതുജനങ്ങളെ സഹായിക്കുന്നതിന് സൗജന്യ ഹെൽപ് ഡെസ്കും നഗരസഭയിൽ തുടങ്ങും. ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം തിങ്കളാഴ്ച ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Read also: ‘പ്രളയ ഫണ്ട് അടിച്ചുമാറ്റിയത് മറക്കരുത്’; വാക്സിൻ ചലഞ്ചിനെതിരെ കേന്ദ്രമന്ത്രി