പാലക്കാട്: നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരി ബാധ പടർന്നതിനെ തുടർന്ന് പ്രദേശത്തെ കർഷകർ ദുരിതത്തിൽ. എലവഞ്ചേരി കൃഷിഭവൻ പരിധിയിലുള്ള പാറശ്ശേരി, കൊഴലോട് പ്രദേശങ്ങളിലെ 4 ഏക്കറോളം നെൽപ്പാടങ്ങളിലാണ് ചിലന്തിമണ്ഡരി ബാധ പടർന്ന് പിടിക്കുന്നത്. പ്രദേശത്തെ പ്രകാശൻ, ഹരിദാസൻ എന്നിവരുടെ കൃഷി ഇടങ്ങളിലാണ് രോഗം കൂടുതലായി ബാധിച്ചത്.
രോഗബാധ കണ്ടെത്തിയ പാടങ്ങളിൽ കേരള കാർഷിക സർവകലാശാലയിലെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ഒറിഗോനിക്കസ് ഒറൈസ എന്ന ശാസ്ത്ര നാമം ഉള്ള ചിലന്തികളാണ് ഈ രോഗത്തിന് കാരണമാകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇലയുടെ അടി ഭാഗങ്ങളിൽ കാണുന്ന ഈ കീടങ്ങൾ ചെടിയുടെ നീര് ഊറ്റിക്കുടിക്കുകയും, ഇലയുടെ ആരോഗ്യവും പച്ചപ്പും നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം രോഗങ്ങൾക്ക് കാരണമെന്നും ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി. ഇലകൾ ശോഷിച്ച് ചുരുണ്ടു പോകുന്നതാണ് പ്രധാന രോഗ ലക്ഷണം. ലക്ഷണം കണ്ടാലുടൻ കൃഷി ഭവനുമായി ബന്ധപെടണമെന്ന് കർഷകർക്ക് നിർദേശം നൽകി.
‘രോഗബാധ മൂലം കൃഷിയിടങ്ങളിൽ നെല്ല് ഉൽപാദനം ഗണ്യമായി കുറഞ്ഞതായി കർഷകർ പറഞ്ഞു. ഇത് ഏറെ പ്രതിസന്ധി ഉണ്ടാക്കുമെന്നും, രോഗബാധ ഇല്ലാതാക്കാൻ കൃഷി വകുപ്പ് വേണ്ട നടപടികൾ ആരംഭിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു’.
Also Read: ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ ധാരണ