ഏവരുടെയും ഇഷ്ട ഭക്ഷണങ്ങളുടെ ലിസ്റ്റിൽ ബർഗറിനും വലിയ സ്ഥാനമാണ് ഇന്നുള്ളത്. കുട്ടികൾക്കും വലിയവർക്കും ബർഗർ ഇന്ന് ഒരുപോലെ ഇഷ്ടമാണ്. എന്നാൽ ഒരു ബർഗർ കഴിക്കാൻ കുറഞ്ഞത് എത്ര സമയമെടുക്കും? സാധാരണ ബർഗർ ആണെങ്കിൽ ഒരു അഞ്ചോ പത്തോ മിനിറ്റ്. അൽപം കൂടി വലിയ ഡബിൾ പാറ്റി ബർഗർ ആണെങ്കിൽ കുറച്ചുകൂടി സമയം എടുത്തേക്കാം. അങ്ങനെയെങ്കിൽ 2.94 കിലോഗ്രാം ഭാരം വരുന്ന ബർഗർ കഴിക്കാൻ എത്ര സമയമെടുക്കും? എന്നാൽ കേട്ടോളൂ, വെറും നാല് മിനിറ്റ് മതി!
അമേരിക്കൻ സ്വദേശിയായ യുവാവാണ് നാല് മിനിറ്റിൽ ഈ ഭീമൻ ബർഗർ കഴിച്ച് തീർത്ത് ഇന്റർനെറ്റ് ലോകത്തിന്റെ കണ്ണ് തള്ളിച്ചിരിക്കുന്നത്. തീറ്റ മൽസരങ്ങളിലൂടെ പ്രശസ്തനായ മാറ്റ് സ്റ്റോണിയാണ് 2000 കലോറി വരുന്ന ഈ ഭീമൻ ബർഗർ വെറും നാല് മിനിറ്റിൽ തിന്ന് തീർത്തത്. ഇതോടെ മാറ്റ് സ്റ്റോണി ലോക റെക്കോർഡ് കൂടിയാണ് തിരുത്തി കുറിച്ചത്.
ലാസ് വേഗസിലെ ഹാർട്ട് അറ്റാക് ഗ്രിൽ നടത്തിയ തീറ്റ മൽസരത്തിൽ ആയിരുന്നു മാറ്റ് സ്റ്റോണിയുടെ ഈ തകർപ്പൻ പ്രകടനം. 2.94 കിലോഗ്രാം ഭാരം വരുന്ന ബർഗറിൽ 40 സ്ളൈസ് ബേക്കണും 8.5 പാറ്റികളും 16 സ്ളൈസ് ചീസും ഒരു വലിയ സവാളയും രണ്ട് തക്കാളിയും മുളകും ബണ്ണുകളുമാണ് ഉൾപ്പെടുന്നത്.
14.6 മില്യൺ ഫോളോവർമാരുള്ള തന്റെ യൂട്യൂബ് ചാനലിൽ മാറ്റ് സ്റ്റോണി ഈ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. 82 ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
ലോക റെക്കോർഡ് കൂടി സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് മാറ്റ് സ്റ്റോണി ഇപ്പോൾ. നേരത്തെ സമാനമായ ബർഗർ കഴിക്കാൻ 7.42 മിനിറ്റെടുത്ത മിക്കി സ്യൂഡോയുടെ റെക്കോർഡാണ് മാറ്റ് പഴങ്കഥയാക്കിയത്.
Most Read: സൂര്യ-വെട്രിമാരൻ ചിത്രം വാടിവാസലിന്റെ ചിത്രീകരണം ഒക്ടോബറിൽ തുടങ്ങും