ചെന്നൈ: ചലച്ചിത്ര താരം വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കൾ കക്ഷി. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താരത്തെ ചവിട്ടുന്ന ആളുകൾക്ക് ഒരു ചവിട്ടിന് 1,001 രൂപ നൽകുമെന്നാണ് ഇവർ ട്വിറ്ററിലൂടെ വ്യക്‌തമാക്കിയത്. സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഹിന്ദുമക്കൾ കക്ഷി ഇത്തരത്തിലുള്ള പ്രഖ്യാപനം താരത്തിനെതിരെ നടത്തിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് വിജയ് സേതുപതിക്കെതിരെ പരസ്യമായ ആക്രമണം നടന്നിരുന്നു. വിമാനത്താവളത്തിലൂടെ നടന്നു പോകുകയായിരുന്ന താരത്തെ ഒരാൾ പിന്നിൽ നിന്നും ചവിട്ടുകയായിരുന്നു. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹിന്ദുമക്കൾ കക്ഷി താരത്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്‌ത് രംഗത്തെത്തിയത്.
വിമാനത്താവളത്തിൽ വച്ച് താരത്തെ ആക്രമിക്കാൻ ശ്രമിച്ച മഹാഗാന്ധി എന്ന ആളുമായി തങ്ങൾ സംസാരിച്ചുവെന്നും, അതിന്റെ തുടർച്ചയാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ട്വിറ്ററിലൂടെ വ്യക്‌തമാക്കിയിട്ടുണ്ട്. മുത്തുരാമലിംഗ പൂജക്ക് വിജയ് സേതുപതിയെ ക്ഷണിച്ചെന്നും, എന്നാല്‍ തനിക്ക് ജീസസ് മാത്രമേ ദൈവമായുള്ളൂ എന്നാണ് താരം മറുപടി നൽകിയതെന്നും വ്യക്‌തമാക്കിയ ഹിന്ദുമക്കൾ കക്ഷി, ഈ മറുപടിയിൽ നടൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
Read also: ഹിസാറിലെ കര്‍ഷക പ്രതിഷേധം; അനിശ്‌ചിതകാല എസ്‌പി ഓഫിസ് ഉപരോധം ഇന്നുമുതൽ