ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. രണ്ടര ലക്ഷത്തിനടുത്ത് ആളുകൾക്കാണ് രോഗബാധ ഉണ്ടായത്. 2,47,417 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 17 ശതമാനം വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,63,17,927 ആയി ഉയർന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 380 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു. 84,825 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത്. രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വലിയ വർധനയും, രോഗമുക്തരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവും മൂലം രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്.
11,17,531 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. കൂടാതെ രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമായും ഉയർന്നു. അതേസമയം രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 5,000 കടന്നു. നിലവിൽ 5,488 ഒമൈക്രോൺ ബാധിതരാണ് രാജ്യത്തുള്ളത്.
Read also: യുവതിയോട് മോശമായി പെരുമാറി; യുവാവിനെ നഗ്നനാക്കി നടത്തി