തൊടുപുഴ: വാഗമണ്ണിലെ ഓഫ് റോഡ് റൈഡ് സംഭവത്തിൽ നടൻ ജോജു ജോർജിനും സംഘാടകർക്കും നോട്ടീസ് അയക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നോട്ടീസ് നൽകുക. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജോയിന്റ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു.
റൈഡ് സംഘടിപ്പിച്ചവർക്കും ഇതിൽ പങ്കെടുത്ത ജോജു ജോർജിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ഉയർന്നിരുന്നു. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡണ്ട് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്ക് പരാതി നൽകിയത്.
വാഗമൺ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയില തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അപകടകരമായ രീതിയിലാണ് റൈഡ് നടത്തിയത്. കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ളാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Most Read: സംസ്ഥാനത്ത് കർശന പരിശോധന; 12 ഹോട്ടലുകൾ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്