ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലും, കാറ്റും ഉണ്ടാകുന്നുണ്ട്. ഇന്ന് പുലർച്ചെ മുതൽ ഡെൽഹിയിൽ തുടരുന്ന ശക്തമായ കാറ്റും മഴയും മിക്ക പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ മോശം കാലാവസ്ഥയെ തുടർന്ന് ഡെൽഹി വിമാനത്താവളത്തിൽ നിന്നും നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടതായും അധികൃതർ വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം ഡെൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 6 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കൂടാതെ നിരവധി സർവീസുകൾ മുടങ്ങുകയും ചെയ്തിട്ടുണ്ട്. വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി അതാത് വിമാനകമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകി.
കൂടാതെ അടുത്ത രണ്ട് മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗത്തിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഡെൽഹിയുടെ ചില ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനാൽ റോഡുകളിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ സാധ്യമെങ്കിൽ ആളുകൾ വീടുകളിൽ തന്നെ കഴിയാനും, യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചു.
Read also: നടിയെ ആക്രമിച്ച കേസിൽ ശരത് 15ആം പ്രതി; റിപ്പോർട് കോടതിയിൽ