ജറുസലേം: യുഎഇ – ഇസ്രയേല്‍ പൗരന്മാര്ക്ക് വിസ ഇല്ലാതെ യാത്രയൊരുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ഇരു രാജ്യങ്ങളിലെയും പൗരന്മാര്ക്ക് വിസയില്ലാതെ യുഎഇയും ഇസ്രയേലും സന്ദര്‍ശിക്കാന്‍ കഴിയും.
ഇസ്രയേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘത്തെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. സാമ്പത്തിക, സാങ്കേതിക, വ്യോമയാന മേഖലകളിലാണ് കരാര്‍ ഒപ്പുവെച്ചത്. കരാറുകള്‍ വന്‍മാറ്റത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.
Read also: കേരളത്തിന്റെ ഇ-ഓട്ടോ ഇനി നേപ്പാളിലും; കയറ്റുമതി ആരംഭിച്ചു
അതേസമയം, യുഎഇ – യുഎസ് – ഇസ്രയേല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് ‘അബ്രഹാം ഫണ്ടി‘ന് രൂപം നല്കി. കൂടുതല്‍ സഹകരണത്തിനായി അബ്രഹാം അക്കോഡ് കരാറിന്റെ ഭാഗമായാണ് രാജ്യങ്ങള്‍ ഫണ്ടിന് രൂപം നല്‍കിയത്. പ്രാദേശിക വ്യാപാരമേഖലകളെ ശക്തിപ്പെടുത്തുന്നതിനായാണ് ഫണ്ടിന് രൂപകല്പന നല്‍കിയിരിക്കുന്നത്. ഊര്‍ജമേഖലയിലെ സഹകരണവും ഫണ്ടിലൂടെ ലക്ഷ്യമിടുന്നുണ്ട്. മിഡില്‍ ഈസ്റ്റിന്റെ വികസനത്തിന് മൂന്ന് ബില്യണ്‍ ഡോളര്‍ സ്വകാര്യ മേഖലയില്‍ നിക്ഷേപിക്കും. നിക്ഷേപം നടത്തുന്നതിനായി മറ്റു രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.
Read also: ഇന്ത്യൻ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ കൈമാറി