കേരളത്തിന്റെ ഇ-ഓട്ടോ ഇനി നേപ്പാളിലും; കയറ്റുമതി ആരംഭിച്ചു

By News Desk, Malabar News
E.P Jayarajan In E-Auto
E.P Jayarajan In E-Auto
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ ഇലക്‌ട്രിക്‌  ഓട്ടോറിക്ഷയായ ‘നീം ജി‘ ഇനി നേപ്പാൾ നിരത്തുകളിൽ. സംസ്‌ഥാന പൊതുമേഖലാ സ്‌ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് (കെ.എ.എൽ) നിർമിക്കുന്ന ഇ-ഓട്ടോ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. നീം ജിയുടെ ആദ്യ ബാച്ച് സംസ്‌ഥാന വ്യവസായ മന്ത്രി ഇ.പി ജയരാജൻ ഫ്ളാഗ് ഓഫ് ചെയ്‌തു.

ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം കെഎഎൽ പ്ളാന്റിൽ നിന്ന് 25 പരിസ്‌ഥിതി സൗഹൃദ ഇ-ഓട്ടോകളാണ് നേപ്പാളിലേക്ക് റോഡ് മാർഗം കയറ്റി അയച്ചത്. ഇ-ഓട്ടോകൾ കൊണ്ടുപോയ രണ്ട് ട്രക്കുകളും 12 ദിവസത്തിനുള്ളിൽ നേപ്പാളിലെത്തും. 8 ഇ-ഓട്ടോകൾ കൂടി നേപ്പാൾ ആവശ്യപ്പെട്ടിട്ടുണ്ട്, അവ ഉടൻ തന്നെ കയറ്റുമതി ചെയ്യും.17 വർഷത്തിന് ശേഷം കെഎഎല്ലിന്റെ ആദ്യ കയറ്റുമതിയാണിത്. പ്രതിവർഷം 500 ഇ-ഓട്ടോകൾ നേപ്പാളിൽ വിറ്റഴിക്കുകയാണ് കെഎഎല്ലിന്റെ ലക്ഷ്യം. നേപ്പാളിനെ കൂടാതെ, ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിടങ്ങളിലേക്കും നീം ജി കയറ്റുമതി ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഇ-ഓട്ടോയുമായി ബന്ധപ്പെട്ട് കെനിയ, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളിൽ നിന്ന് നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മൂന്ന് സീറ്റുകളുള്ള കേരളാ നീം ജി ഇ-ഓട്ടോ 2.85 ലക്ഷം രൂപാ നിരക്കിലാണ് നേപ്പാളിൽ വിൽക്കുന്നത്. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് തദ്ദേശീയമായി നിർമിച്ച ഇ-ഓട്ടോയുടെ ബാറ്ററി 3 മണിക്കൂർ 55 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ സാധിക്കും. വീടുകളിലും ഇത് ത്രീ പിൻ പ്ളഗുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്നതാണ്. മുഴുവൻ ചാർജോടെ 80 മുതൽ 90 കിലോമീറ്റർ വരെ ഇ-ഓട്ടോ സഞ്ചരിക്കും.

സർക്കാരിന്റെ കൃത്യമായ ഇടപെടലുകളും കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് ജീവനക്കാരുടെ ശ്രമകരമായ പ്രവർത്തനങ്ങളുമാണ് നഷ്‌ടത്തിലായിരുന്ന സ്‌ഥാപനത്തിന്റെ ഉയർച്ചക്ക് കാരണം. 24 കോടി രൂപയാണ് സർക്കാർ കെ.എ.എല്ലിന് അനുവദിച്ചിരിക്കുന്നത്. കോവിഡ് ആശ്വാസമായി 5 കോടി രൂപ കൂടി നൽകും. എല്ലാ ജില്ലകളിലും വനിതകൾക്ക് ഇ-ഓട്ടോ നൽകുന്ന പദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിൽ രജിസ്‌റ്റർ ചെയ്യുന്ന വനിതാ സഹകരണ സംഘങ്ങളിലെ 25 പേർക്ക് സബ്‌സിഡിയോടെ ഇ- ഓട്ടോ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിലൂടെ സ്വയം തൊഴിൽ കണ്ടെത്താൻ വനിതകൾക്ക് സാധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

പൊതുമേഖലാ സ്‌ഥാപനങ്ങളെ മെച്ചപ്പെടുത്തുക എന്നതാണ് സർക്കാർ നയം. ഓട്ടോ മൊബൈൽ ലിമിറ്റഡിന് പുറമേ കെ.എം.എം.എല്ലിലും വികസന പരിപാടികൾ ആരംഭിച്ചു. ഇവിടെ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചതിലൂടെ 12 കോടി രൂപയാണ് സർക്കാർ ലാഭിച്ചത്. ഓക്‌സിജൻ പ്ളാന്റ് വഴി കോഴിക്കോട്, വയനാട് ജില്ലകളിലെ ആരോഗ്യ സ്‌ഥാപനങ്ങൾക്ക് ഓക്‌സിജൻ ലഭ്യമാക്കി തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.  കെഎഎൽ ചെയർമാൻ കരമന ഹരി, ഡയറക്‌ടർ എ.ഷാജഹാൻ, ആഭ്യന്തര ഓഡിറ്റ് ബോർഡ് ചെയർമാൻ എൻ. ശശിധരൻ നായർ കെഎഎൽ അധികൃതർ എന്നിവർ ചടങ്ങിൽ മുഖ്യ പങ്കാളിത്തം വഹിച്ചു.

Also Read: ഉത്ര വധക്കേസ്; പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE