കൊല്ലം: ചാനൽ ചർച്ച കഴിഞ്ഞു മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിപ്പിച്ചു പരിക്കേൽപ്പിച്ച പരാതിയിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്ക് എതിരെ കേസെടുത്തു. കൊല്ലം ഈസ്റ്റ് പോലീസാണ് കേസെടുത്തത്. യൂത്ത് പ്രവർത്തകൻ സെയ്തലവി, കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് ഫൈസൽ എന്നിവർക്കെതിരെയാണ് കേസ്.
ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സെയ്തലവി മനഃപൂർവം കാർ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസൽ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. അതേസമയം, കാർ പിന്നോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് ആരോപണ വിധേയരുടെ വിശദീകരണം. തിരുമുല്ലവാരത്ത് ചാനൽ ചർച്ച കഴിഞ്ഞു വരുമ്പോഴായിരുന്നു സംഭവം.
ചിന്ത ജെറോം എൻഎസ് സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. ചാനൽ ചർച്ചക്കിടെ കോൺഗ്രസ്- സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിന്റെ വക്കിൽ എത്തിയിരുന്നു. മനഃപൂർവം കാർ ഇടിപ്പിച്ചതാണെന്ന് സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ ആരോപിക്കുമ്പോൾ കാർ അറിയാതെ തട്ടിയതാണെന്ന് ചിന്ത തന്നെ പറഞ്ഞിരുന്നു എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വാദം.
Most Read| ഏക സിവില്‍ കോഡും ഒരൊറ്റ തിരഞ്ഞെടുപ്പും നടപ്പാക്കും