കോട്ടയം: സിപിഐയെ പ്രതിക്കൂട്ടിലാക്കി കർഷകന്റെ ആത്മഹത്യ. വൈക്കം തലതാഴം സിപിഐ ഓഫീസിന് മുന്നിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് കർഷകനായ പുളിക്കാശ്ശേരി ചെല്ലപ്പനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് ചെല്ലപ്പൻ നേരത്തെ പരാതിപ്പെട്ടിരുന്നു.
സിപിഐയെയും പ്രാദേശിക നേതാക്കളെയും വിമർശിച്ച് സാമൂഹിക മാദ്ധ്യമത്തിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിന് പകരം സിപിഐ നേതാക്കൾ വഞ്ചിക്കുകയാണെന്നും പല ഘട്ടങ്ങളിലായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതായും വീഡിയോയിൽ ആരോപിച്ചിരുന്നു.
കൃഷി മന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്നും ചെല്ലപ്പൻ വീഡിയോയിൽ പറയുന്നുണ്ട്. സിപിഐയുടെ ഈ കൊടും വഞ്ചന നിങ്ങൾ തിരിച്ചറിയണമെന്നും ചെല്ലപ്പൻ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം, സംഭവത്തെ തുടർന്ന് ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’



































