മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്സിലയെ (27) ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഫ്സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിനെതിരെയാണ് കുടുബം ആരോപണം ഉന്നയിക്കുന്നത്. സഹോദരിയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേളോത്ത് സുലൈമാൻ മാനന്തവാടി പോലീസിൽ പരാതി നൽകി.
അഫ്സിലയെ ഭർത്താവ് ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് സുലൈമാൻ നൽകിയ പരാതിയിൽ ഉള്ളത്. മുൻപ് ഒട്ടേറെത്തവണ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റി ഉൾപ്പടെ ചർച്ച ചെയ്താണ് പ്രശ്നം പരിഹരിച്ചത്.
പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ പരേതനായ തെറ്റത്ത് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ് അഫ്സില. മക്കൾ: ഐസിൻ ആദം, അയിൻ ഹമദ്, അസിൻ ഖൈസ്. വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം അഫ്സിലയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ കബറടക്കി.
Most Read| ഇറാൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണം; കർശന നിർദ്ദേശവുമായി കുവൈത്ത്







































