ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മായൻ: ചാപ്റ്റർ വണ്ണി’ന്റെ ഷൂട്ടിങ് ഓഗസ്‌റ്റ് 12ന് ആരംഭിക്കും. മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമ കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഒരു ഡാർക്ക് ത്രില്ലറായാണ് ഒരുങ്ങുന്നത്. അദൃശ്യ ശക്‌തിയുമായി പോരാടുന്ന പോലീസായി ജയസൂര്യ വേഷമിടുന്നു എന്നാണ് സിനിമയുടെ പുറത്തുവന്ന മോഷൻ പോസ്‌റ്റർ നൽകുന്ന സൂചന.
അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്‌റ്റും അതിലെ ചിത്രവും കുറിപ്പുമെല്ലാം വലിയ ചർച്ചയായിരുന്നു. മലയാള സാഹിത്യത്തിൽ ഉൾപ്പടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലറായ ഒരു വിഷയമാണ് ‘കറുത്തച്ചനൂട്ട്’ എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നുണ്ട്.
എന്നാൽ, ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്‌ഥാനമാക്കിയാണോ എന്ന സ്‌ഥിരീകരണം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയസൂര്യ, നൈല ഉഷ എന്നിവർക്കൊപ്പം വിജയ് ബാബുവും നിരഞ്‌ജന അനൂപും ഐശ്വര്യ രാജും ജിബിൻ ഗോപിനാഥും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകരെല്ലാം ഈ സിനിമയിലും ഒന്നിക്കുകയാണ്. ഫൈസൽ അലിയാണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം മുജീബ് മജീദ്, എഡിറ്റിങ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകറാണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പിആർഒ വൈശാഖ് സി വടക്കേക്കാട്, ജിനു അനിൽകുമാർ.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































