പൊന്നാനി: സ്വന്തം മക്കളുടെ വിവാഹത്തോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹവും നടത്തി നൈതല്ലൂർ സ്വദേശി എൻപി അഷ്റഫ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശ്രദ്ധേയ മാതൃകയായി.
തന്റെ രണ്ട് പെൺമക്കളായ ഡോ. അമൽ, ഖദീജ മുഫ്റ എന്നിവരുടെ വിവാഹചടങ്ങ് നടന്ന വേദിയിൽ തന്നെയാണ് മറ്റൊരു യുവതിക്കും വിവാഹജീവിതത്തിലേക്കുള്ള വഴിയൊരുക്കിയത്. ഇസ്ലാമിക ആചാരങ്ങൾ അനുസരിച്ച് തന്റെ മക്കളുടെ നിക്കാഹ് നടത്തിയ അതേവേദിയിൽ തന്നെയാണ് ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹവും നടത്തിയത്.
പെൺകുട്ടിയും വരനും ഇരുവരുടെയും ബന്ധുക്കളും സ്റ്റേജിലെത്തുകയും ഹൈന്ദവ ആചാരപ്രകാരം നരിപ്പറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മിന്നുകെട്ടുകയും ചെയ്താണ് ഇരുവരും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഭക്ഷണവും വസ്ത്രവും ഉൾപ്പടെയുള്ള വിവാഹചെലവുകൾ വഹിച്ചതിനൊപ്പം മൂന്നുപവൻ സ്വർണം സമ്മാനമായി നൽകാനും എൻപി അഷ്റഫ് മറന്നില്ല.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കേന്ദ്ര സെക്രട്ടറിയാണ് എൻപി അഷ്റഫ്. സംഘടന മുന്നോട്ടുവെച്ച, അംഗങ്ങൾ സ്വന്തം മക്കളുടെ വിവാഹത്തോടൊപ്പം മറ്റൊരു പെൺകുട്ടിയുടെ വിവാഹമെങ്കിലും ഏറ്റെടുത്ത് നടത്താൻ ശ്രമിക്കണമെന്ന ആശയമാണ് അദ്ദേഹം പ്രാവർത്തികമാക്കിയത്.
അക്ബർ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹചടങ്ങിൽ നരിപ്പറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരിക്കൊപ്പം കെപി നൗഷാദലി എംഎൽഎ, മഖ്ദും എംപി മുത്തുക്കോയ തങ്ങൾ, എക്സ് എംപി സി ഹരിദാസ്, സിഎസ് പൊന്നാനി, എൻപി കുഞ്ഞിമോൻ, പി കോയക്കുട്ടി മാസ്റ്റർ, കെ സിദ്ധീഖ് മൗലവി അയിലക്കാട്, സിവി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, മുജീബ് കിസ്മത്ത്, ശാരദ ടീച്ചർ, റംല കെപി എന്നിവർ ഉൾപ്പടെ നിരവധി വ്യക്തികൾ പങ്കെടുത്തു.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം




































