
പൊന്നാനി: അതിർത്തി കാക്കുന്ന ജവാന് കൊടുക്കുന്ന അതേ പരിഗണന നൽകിയാണ് ഹരിത വിപ്ളവ നായകരെ രാജ്യം ആദരിക്കുന്നതെന്നും ജയ് ജവാൻ – ജയ് കിസാൻ മദ്രവാക്യം മുന്നോട്ട് വച്ച് ഭക്ഷ്യ സുരക്ഷയിലേക്ക് രാജ്യത്തെ നയിച്ചത് ഹരിത വിപ്ളവ നായകരാണെന്നും അഡ്വ. വിഎസ് ജോയ്.
എന്നാൽ കേരളം കാർഷിക രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കുന്ന നിലയിലാണെന്നും ഈ സാഹചര്യം മാറ്റി കാർഷികമേഖലയെ സമ്പന്നമാക്കാൻ യുവസമൂഹം മുന്നിട്ടിറങ്ങണമെന്നും തവനൂർ എംഎൽഎ അഡ്വ. വിഎസ് ജോയ് പറഞ്ഞു.
കർഷകദിനത്തോട് അനുബന്ധമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) എവർഗ്രീൻ സമിതി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഹാളിൽ സംഘടിപ്പിച്ച കർഷക ദിനാചരണവും, നാലാമത് പൊൻകതിർ പുരസ്കാര വിതരണവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനി ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ആർ ഗായത്രി മുഖ്യാതിഥിയായ ചടങ്ങിൽ താലൂക്കിലെ ഈ വർഷത്തെ മികച്ച കർഷകയായി തിരഞ്ഞെടുത്ത പോത്തനൂർ സ്വദേശിനി മുനീറ കൊരണപ്പറ്റക്ക് നാലാമത് പൊൻകതിർ പുരസ്കാരം എംഎൽഎ സമർപ്പിച്ചു. 5001 രൂപയും ഉപഹാരവും ഷാളും അടങ്ങുന്നതായിരുന്നു സമ്മാനം.
എവർഗ്രീൻ ചെയർപേഴ്സൺ ശാരദടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം വനിതകൾ അവതരിപ്പിച്ച വാദ്യതാള പരിപാടിയോടെയാണ് ആരംഭിച്ചത്. സോപാനം സ്കൂൾ ഡയറക്ടർ സന്തോഷ് ആലങ്കോടിനെ ഉപഹാരവും ഷാളും നൽകി ചടങ്ങിൽ ആദരിച്ചു. കൺവീനർ ഇ ഹൈദരലി മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.

ഭാരത സർക്കാർ കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം ജില്ലാപ്രോഗ്രാം കോർഡിനേറ്റർ ഡോ. പ്രിയ ജി മേനോൻ കർഷകദിന സന്ദേശം നൽകി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുബ്സിറ സിറാജ്, ബ്ളോക് പഞ്ചായത്ത് മെമ്പർ ടിപി ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിവി സന്ധ്യ, ശോഭന ബാബു തുടങ്ങിയവർ സംസാരിച്ചു.
പി കോയക്കുട്ടി മാസ്റ്റർ, സിവി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, മുസ്തഫ കാടഞ്ചേരി, മോഹനൻ പാക്കത്ത്, റഷീദ് അറയ്ക്കൽ, മാലതി വട്ടംകുളം, മുഹമ്മദ് അനീഷ്, റംല കെപി, കെജി ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. സുജീഷ് നമ്പ്യാർ സ്വാഗതവും, രാജലക്ഷ്മി നന്ദിയും പറഞ്ഞു.
INSPIRING | മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി



































