ഗർഭകാലത്തെ അനീമിയ അതീവ ജാഗ്രത വേണ്ട സാഹചര്യമെന്ന് ഐസിഎംആർ നടത്തിയ പഠനം പറയുന്നു. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഭീഷണിയായ ഇത്, കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ തന്നെ ഇത് കാരണമായേക്കുമെന്നാണ് പഠനം പറയുന്നത്.
ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത്-സൗത്ത്- ഈസ്റ്റ് ഏഷ്യ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 2,20,000 ഗർഭിണികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.
പഠനത്തിലെ പ്രധാന കണ്ടെത്തൽ
ഗർഭകാലത്ത് ഹീമോഗ്ളോബിന്റെ അളവ് 10 g/dL താഴെയുള്ള സ്ത്രീകളിൽ വിളർച്ചയില്ലാത്തതോ നേരിയ വിളർച്ചയോ ആയ സ്ത്രീകളെ അപേക്ഷിച്ച് 28 ആഴ്ച ഗർഭാവസ്ഥയ്ക്ക് ശേഷം കുഞ്ഞ് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. മിതമായതും തീവ്രമായതുമായ വിളർച്ചയുള്ള സ്ത്രീകളിലാണ് ഈ അപകടസാധ്യത ഏറ്റവും കൂടുതലുള്ളത്.
വിളർച്ച ഉള്ളവരിൽ രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറവായിരിക്കും. ഗർഭകാലത്ത് ഓക്സിജൻ കുറയുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും. അതേസമയം, ഗർഭാവസ്ഥയുടെ രണ്ടാമത്തെ ട്രൈമെസ്റ്ററിലൊഴികെ നേരിയ വിളർച്ച കണ്ടെത്തുന്നത് അപകടസാധ്യത വർധിപ്പിക്കാറില്ലെന്നും ഗവേഷകർ പറയുന്നു.
മിതമായതോ നേരിയതോ ആയ വിളർച്ച ഉള്ളവരും വിളർച്ച ഇല്ലാത്തതുമായ സ്ത്രീകളിൽ 31 ആഴ്ചകളിൽ കുഞ്ഞ് മരിക്കാനുള്ള സാധ്യതയുള്ളപ്പോൾ കടുത്ത വിളർച്ച ഉള്ളവരിൽ ഗർഭാവസ്ഥയുടെ ശരാശരി 29ആം ആഴ്ചയിൽ തന്നെ ഇത് സംഭവിക്കുമെന്നും ഗവേഷകർ പറയുന്നു.
എന്താണ് അനീമിയ / വിളർച്ച
കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതും തിരിച്ച് കാർബൺഡൈ ഓക്സൈഡിനെ ശ്വാസകോശങ്ങളിലേക്കും എത്തിക്കുന്നതുമായ സുപ്രധാന ധർമം ശരീരത്തിൽ നിർവഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ളോബിൻ എന്ന ഘടകമാണ്. ഹീമോഗ്ളോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവിൽ ഗണ്യമായ കുറവുണ്ടാകുന്നതാണ് വിളർച്ച എന്ന രോഗത്തിന് കാരണമാകുന്നത്.
ഗുരുതരമായ രോഗങ്ങളുടെ മുന്നോടിയായും വിളർച്ച വരാം. ഹീമോഗ്ളോബിന്റെ കുറവുമൂലം കോശങ്ങൾക്ക് ഓക്സിജൻ കിട്ടാതെ വരുന്നത് ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങളെയും ബാധിക്കും. ചെറിയ ആയാസങ്ങൾ പോലും കഠിനമായ ക്ഷീണത്തിനും കിതപ്പിനും ഇടയാക്കുന്നത് വിളർച്ചയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.

പുരുഷൻമാരിൽ ഹീമോഗ്ളോബിന്റെ നില 13 gm/dlലും കുറവാണെങ്കിൽ വിളർച്ചയുള്ളതായി കണക്കാക്കാം. സ്ത്രീകളിൽ 12 gm/dlലും ഗർഭകാലത്ത് 11.5 gm/dlലും കുറയുന്നത് വിളർച്ചയുടെ സൂചനയാണ്. മുലപ്പാലിന് പകരം പശുവിൻ പാൽ മാത്രം കുടിച്ചുവരുന്ന കുട്ടികളിലും വിളർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൊക്കപ്പുഴു ബാധ വിളർച്ചയുടെ മറ്റൊരു ഘടകമാണ്.
വിളർച്ചയുടെ കാരണങ്ങൾ
ആർത്തവം, ആർത്തവ സമയത്തെ അമിത രക്തസ്രാവം, പ്രസവസമയത്തെ രക്തനഷ്ടം, ഇരുമ്പ്, ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കൽ, വിരബാധ, രക്തസ്രാവമുണ്ടാക്കുന്ന വ്രണങ്ങൾ, ദീർഘകാല രോഗങ്ങൾ.
ശ്രദ്ധിക്കേണ്ടത്
- ഇരുമ്പുസത്തും വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുക.
- ഭക്ഷണത്തിൽ ധാരാളം ഇലക്കറികളും ധാന്യങ്ങളും പയറുവർഗങ്ങളും ഉൾപ്പെടുത്തുക. മാംസം, മൽസ്യം, കോഴി, കരൾ തുടങ്ങിയവയും കഴിക്കുക.
- ഭക്ഷണത്തിന് ശേഷം ഒരുമണിക്കൂറിനുള്ളിൽ ചായയും കാപ്പിയും ഒഴിവാക്കുക.
- വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- ഗർഭകാലത്ത് അയൺ ഫോളിക് ആസിർ് ഗുളിക കഴിക്കുക.
- ആറുമാസത്തിലൊരിക്കൽ വിരശല്യത്തിനെതിരെയുള്ള ഗുളിക കഴിക്കുക.
- വീടിന് പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































