സ്‌കൂളുകളിൽ പഠന ട്രാക്കുകൾ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് യുഎഇ

2026-2027 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, വിദ്യാർഥികൾക്ക് അധ്യയന വർഷത്തിന്റെ തുടക്കത്തിന്റെ ആദ്യത്തെ രണ്ട് ആഴ്‌ചകൾക്കുള്ളിൽ (14 ദിവസത്തിനകം) മാത്രമേ തങ്ങളുടെ പഠന ട്രാക്ക് മാറ്റാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ.

By Senior Reporter, Malabar News
UAE School Timing
Rep. Image

അബുദാബി: യുഎഇയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്കുകൾ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2026-2027 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, വിദ്യാർഥികൾക്ക് അധ്യയന വർഷത്തിന്റെ തുടക്കത്തിന്റെ ആദ്യത്തെ രണ്ട് ആഴ്‌ചകൾക്കുള്ളിൽ (14 ദിവസത്തിനകം) മാത്രമേ തങ്ങളുടെ പഠന ട്രാക്ക് മാറ്റാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ.

ഈ നിശ്‌ചിത സമയപരിധി കഴിഞ്ഞാൽ യാതൊരു കാരണവശാലും ട്രാക്കുകൾ മാറ്റാൻ അനുവദിക്കില്ല. ഗ്രേഡ് അടിസ്‌ഥാനത്തിലുള്ള പഠനമികവ്, സയൻസ് വിഷയങ്ങളിലെ യോഗ്യത എന്നിവ മുൻനിർത്തിയാണ് പുതിയ ഉത്തരവ്. ജനറൽ ട്രാക്കിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അഡ്വാൻസ്‌ഡ് ട്രാക്കിലേക്ക് മാറുവാൻ കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ജനറൽ ട്രാക്കിലുള്ള ഗ്രേഡ് 8 വിദ്യാർഥികൾക്ക് ഗ്രേഡ് 9 അഡ്വാൻസ്‌ഡ് ട്രാക്കിലേക്കും, ഗ്രേഡ് 9 ജനറൽ ട്രാക്കിലുള്ളവർക്ക് ഗ്രേഡ് 10 അഡ്വാൻസ്‌ഡ് ട്രാക്കിലേക്ക് മാറാമായിരുന്നു. എന്നാൽ, മുൻ അധ്യയന വർഷത്തിന്റെ അവസാനത്തിൽ ഇംഗ്ളീഷ്, ഗണിതം, സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 80 ശതമാനം മാർക്ക് നേടിയിരിക്കണം.

ഗ്രേഡ് 10 ജനറൽ ട്രാക്കിലുള്ളവർക്ക് ഗ്രേഡ് 11 അഡ്വാൻസ്‌ഡിലേക്കൊ, ഗ്രേഡ് 11 ജനറൽ ട്രാക്കിലുള്ളവർക്ക് ഗ്രേഡ് 12 അഡ്വാൻസ്‌ഡിലേക്കൊ മാറാൻ സാധിക്കില്ല. ഉയർന്ന ക്ളാസുകളിലേക്ക് ആവശ്യമായ ശാസ്‌ത്ര വിഷയങ്ങളിലെ പഠന ആവശ്യകതകൾ പൂർത്തിയാക്കാത്തതിനാലാണ് ഈ വിലക്ക്.

അഡ്വാൻസ്‌ഡ് ട്രാക്കിൽ വിജയകരമായി ഒരുവർഷം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സ്വന്തം ഇഷ്‌ടപ്രകാരം ജനറൽ ട്രാക്കിലേക്ക് മാറാൻ അവസരമുണ്ട്. ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കണം. ഗ്രേഡ് 8 അഡ്വാൻസ്‌ഡിൽ നിന്ന് ഗ്രേഡ് 9 ജനറലിലേക്കും, ഗ്രേഡ് 9ൽ നിന്ന് ഗ്രേഡ് 10 ജനറലിലേക്കും, ഗ്രേഡ് 10ൽ നിന്ന് ഗ്രേഡ് 11 ജനറലിലേക്കും, ഗ്രേഡ് 11ൽ നിന്ന് ഗ്രേഡ് 12 ജനറൽ ട്രാക്കിലേക്കും മാറാം.

അഡ്വാൻസ്‌ഡ് ട്രാക്കിൽ തോൽക്കുന്ന വിദ്യാർഥികളെ സാധാരണയായി ജനറൽ ട്രാക്കിലേക്ക് മാറ്റും. എന്നാൽ, പ്രത്യേക വ്യവസ്‌ഥകളോടെ അഡ്വാൻസ്‌ഡ് ട്രാക്കിൽ തന്നെ തുടരാൻ ഇവർക്ക് അപേക്ഷിക്കാം. തോറ്റ വിദ്യാർഥികൾ അഡ്വാൻസ്‌ഡ് ട്രാക്കിൽ തന്നെ തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിദ്യാർഥിയും രക്ഷിതാവും ചേർന്നുള്ള സത്യവാങ്മൂലം സഹിതം ഔദ്യോഗിക അപേക്ഷ നൽകണം.

തുടർന്നുള്ള എല്ലാ ടേമുകളിലും വിജയിച്ചുകൊള്ളാമെന്ന് ഇതിൽ ഉറപ്പ് നൽകണം. അപേക്ഷ നൽകിയ ശേഷം ഒന്നാം ടേമിൽ വീണ്ടും പരാജയപ്പെട്ടാൽ, രണ്ടാം ടേമിന്റെ തുടക്കത്തിൽ തന്നെ ഇവരെ നിർബന്ധമായും ജനറൽ ട്രാക്കിലേക്ക് മാറ്റും. അപ്ളൈഡ് ട്രാക്കിൽ ഗ്രേഡ് 12ൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ജനറൽ ട്രാക്കിലെ ഗ്രേഡ് 12ലേക്ക് മാറാൻ യോഗ്യതയുണ്ടായിരിക്കില്ല.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE