ദുബായിലെ ചുട്ടുപൊള്ളുന്ന തെരുവോരങ്ങളിൽ ദിനരാത്രികൾ കഴിച്ചുകൂട്ടിയ ഗബ്രിയേൽ ഒടുവിൽ സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. കൊല്ലം ചവറ സ്വദേശിയും 26കാരനുമായ ഗബ്രിയേൽ, ദുബായ് ദെയ്റ നായിഫിലെ അൽ ഫുത്തൈ പള്ളിക്ക് സമീപത്തെ വഴിയോരത്ത് കഴിഞ്ഞ അഞ്ചുമാസമായി ദുരിത ജീവിതം നയിക്കുകയായിരുന്നു.
ജോലി നഷ്ടപ്പെട്ട് കൊടും ചൂടിൽ തെരുവിൽ കഴിഞ്ഞിരുന്ന ഗബ്രിയേലിന്റെ കൈയിലുണ്ടായിരുന്ന പാസ്പോർട്ടും രേഖകളും മോഷണം പോയതോടെയാണ് ദുരിതം ഇരട്ടിയിലധികമായത്. കിട്ടുന്ന ഭക്ഷണം കഴിച്ചും കെട്ടിടങ്ങൾക്കിടയിൽ അന്തിയുറങ്ങിയും ദിവസങ്ങൾ തള്ളിനീക്കിയ ഗബ്രിയേലിന് ഒടുവിൽ ഇൻകാസ് ദുബായ് പ്രവർത്തകരാണ് രക്ഷകരായത്.
ഇൻകാസ് ഭാരവാഹിയായ മുഹമ്മദലിയാണ് അവശനായി വഴിയോരത്ത് കിടക്കുന്ന ഗബ്രിയേലിനെ ആദ്യം കാണുന്നത്. വിവരം ഉടൻ തന്നെ ജനറൽ സെക്രട്ടറിയായ ഷൈജു അമ്മാനപ്പാറയെ അറിയിച്ചു. ആരോഗ്യനില വഷളായ ഗബ്രിയേലിന് കൊല്ലം ജില്ലാ സെക്രട്ടറി ബൈജു പൂയപ്പള്ളിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം ഉൾപ്പടെ എത്തിച്ചുനൽകുകയും ആയിരുന്നു.
യുവാവിനെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങളും ഇവർ നടത്തി. അതൊട്ടും എളുപ്പമായിരുന്നില്ല. കമ്പനിയുടെ നിസ്സഹരണവും മറ്റും കാരണം ആദ്യഘട്ടത്തിൽ എമിഗ്രേഷൻ ക്ളിയറൻസ് തടസപ്പെട്ടു. തുടർന്ന് ഇൻകാസ് ദുബായ് സ്റ്റേറ്റ്, ജില്ലാ ഭാരവാഹികൾ നയതന്ത്ര തലത്തിലും എമിഗ്രേഷൻ അധികൃതരുമായും നിരന്തരം നടത്തിയ ഇടപെടലുകൾക്ക് ഒടുവിലാണ് ഗബ്രിയേലിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































