മലപ്പുറം: സിപിഎം മലപ്പുറം ജില്ലാവിപുലീകൃത കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിൽ വെച്ചാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവും പൊന്നാനി മുൻ എംൽഎയുമായ പി. നന്ദകുമാർ മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയത്. മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു പി. നന്ദകുമാറിന്റെ പരാമർശം.
”മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന കമ്യൂണിസ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം. അതിനായാണ് വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ചേരുന്നത്- നന്ദകുമാർ പറഞ്ഞു”.
സമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു നന്ദകുമാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെകെ ശൈലജ അടക്കമുള്ള മുതിർന്ന നേതാക്കൾ വേദിയിൽ ഇരിക്കവേയാണ് നന്ദകുമാറിന്റെ അധിക്ഷേപ പരാമർശം ഉണ്ടായത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം മലപ്പുറത്ത് നേരിട്ടത് വലിയ തിരിച്ചടിയാണെന്നും സ്വാധീന മേഖലയായ പൊന്നാനി കെപി നൗഷാദലിയിലേക്ക് എത്തിയത് പാർട്ടിയുടെ വിലയിരുത്തലിൽ വന്ന അപാകതയാണെന്നും യോഗത്തിൽ ചിലർ ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പടെ പരാജയം ഉണ്ടായെന്നും മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ മണ്ഡലം മാറി മല്സരിച്ചതുള്പ്പടെയുള്ള വിഷയങ്ങൾ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ വിമര്‍ശനമായി ഉന്നയിക്കുന്നുണ്ടെന്നും യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു.
അതിനിടെ, വിദ്വേഷ പരാമർശം നടത്തിയ പി നന്ദകുമാറിനെതിരെ യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പോലീസിൽ പരാതി നൽകി. മതസ്പർധ ഉണ്ടാക്കുന്നതും കേരളത്തിന്റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതുമാണ് പരാമർശമെന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.
Most Read| ലോകത്ത് കോളറ മരണങ്ങളിൽ 30% വർധനവ്




































